കാഞ്ഞങ്ങാട്: കൊവ്വല്‍പള്ളിയില്‍ കൊച്ചി കടവന്ത്ര സ്വദേശിയായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി പണവും സ്വര്‍ണവും തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.
കുമ്പള കോയിപ്പാടി പെര്‍വാഡ് കടപ്പുറത്തെ ചായിന്റടി അബ്ദുള്‍ ഹമീദ് മുസ്ല്യാര്‍(41), ഇരിട്ടി മുഴക്കുന്ന് വിളക്കോട്ടെ പി.സി. അഷ്റഫ്(50) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ കെ.പി. സതീഷ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
കടവന്ത്രയിലെ സി.എ. സത്താറിനെ(58) ഹണിട്രാപ്പില്‍ കുടുക്കി മുന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണമാലയും 15,700 രൂപയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഘത്തില്‍പ്പെട്ട കാസര്‍ഗോഡ് നായന്മാര്മൂലയിലെ സാജിദ(30), ഉദുമ അരമങ്ങാനത്തെ ഉമ്മര്‍(41), ചെറുതാഴത്തെ ഇക്ബാല്‍(35) എന്നിവരെ കഴിഞ്ഞ 19 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഇപ്പോള്‍ അറസ്റ്റിലായ അഷ്റഫാണ് സാജിദയെ സത്താറുമായി പരിചയപ്പെടുത്തിയത്. അബ്ദുള്‍ഹമീദ് മുസ്ല്യാരുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയത്.
തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് വിവാഹത്തിന് കൂട്ടുനിന്നതിനാണ് മുസ്ല്യാരെ അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കടവന്ത്രയില്‍ ഭാര്യയും മക്കളുമുള്ള സത്താര്‍ രഹസ്യമായാണ് ഇടനിലക്കാരനായ അഷ്റഫിനെ ബന്ധപ്പെട്ട് സാജിദയെ വിവാഹം ചെയ്തത്.
നേരത്തെ അറസ്റ്റിലായ ഉമ്മറിന്റെയും ഫാത്തിമയുടെയും ഏകമകളാണ് സാജിദയെന്നാണ് അഷ്റഫ് സത്താറിന് പരിചയപ്പെടുത്തിയിരുന്നത്.
വിവാഹം കഴിഞ്ഞതിനുശേഷം താമസിക്കുന്നതിനായി കൊവ്വല്‍പള്ളിയിലെ ഡോക്ടറുടെ വീട് മാസങ്ങള്‍ക്കുമുമ്പേ വാടകയ്ക്കെടുത്തിരുന്നു.
പിന്നീട് ഇവരുടെ കിടപ്പറദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭാര്യക്കും മക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണവും പണവും മൊബൈലും തട്ടിയെടുത്തത്.
സ്വര്‍ണവും പണവും വാങ്ങിയശേഷം വീണ്ടും അഞ്ചു ലക്ഷം രൂപകൂടി ആവശ്യപ്പെട്ട് സംഘം ഭീഷണിപ്പെടുത്തിയതോടെയാണ് സത്താര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടന്നത്.
അന്വേഷണസംഘത്തില്‍ എഎസ്ഐ അബൂബക്കര്‍ കല്ലായി, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രഭോഷ് കുമാര്‍, കമാല്‍, ജിനേഷ്, നികേഷ് എന്നിവരുമുണ്ടായിരുന്നു.