കട്ടപ്പന: അഞ്ഞൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തി ഒളിവിലായിരുന്ന പ്രതി കട്ടപ്പനയില്‍ പിടിയില്‍. മലപ്പുറം കാലടി കണ്ടരനകം കൊട്ടരപ്പാട്ട് സജീഷ്(43) ആണ് പിടിയിലായത്.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍, പാലക്കാട് ജില്ലകളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്.
ഇതോടൊപ്പം നിരവധി വാഹനമോഷണക്കേസുകളിലും ഇയാള്‍ പ്രതിയാണ്. മോഷണ ശേഷം ഇടുക്കി ജില്ലയിലെ കുമളിയില്‍ സ്വകാര്യ ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു.
ഇന്നലെ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ചില്ലറ മാറാനെത്തിയ പ്രതിയെ സ്പെഷൽ സ്ക്വാഡ് ഉദ്യോഗസ്ഥന് സംശയം തോന്നി നിരീക്ഷിക്കുകയും പിന്നീട് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയുമായിരുന്നു. ഇതോടെ നൂറുകണക്കിനു മോഷണങ്ങളുടെ ചുരുളഴിഞ്ഞു.
ഇയാളുടെ പക്കല്‍നിന്ന് മോഷണം നടത്തിയെടുത്ത ചില്ലറ ത്തുട്ടുകളും മോഷ്ടിച്ച വാഹനങ്ങളുടേതെന്നു കരുതുന്ന താക്കോലുകളും കണ്ടെടുത്തു.
മോഷണത്തിലൂടെ ലഭിക്കുന്ന ചില്ലറ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ കൊടുത്തു നോട്ടാക്കി മാറ്റുന്നതാണു പതിവ്. 20 വര്‍ഷത്തോളമായി അമ്പലങ്ങളില്‍ മോഷണം നടത്തിവരുകയായിരുന്നു.
മോഷണത്തിനു പോകാൻ സമീപപ്രദേശങ്ങളിൽനിന്നു ബൈക്കുകള്‍ മോഷ്ടിക്കുകയാണ് ആദ്യം ചെയ്യുന്നത്.
മോഷണശേഷം കെഎസ്ആര്‍ടിസി, റെയില്‍വേ പാര്‍ക്കിംഗ് ഏരിയകളിൽ ബൈക്ക് ഉപേക്ഷിച്ചശേഷം താക്കോല്‍ കൊണ്ടുപോവുകയാണു രീതി.
ഈ സ്ഥലങ്ങളില്‍ വീണ്ടും മോഷണം നടത്തേണ്ടിവരുമ്പോള്‍ ഇതേ ബൈക്കുകൾ വീണ്ടും ഉപയോഗിക്കും.
മോഷണക്കേസില്‍ 2022 ജൂലൈ 17ന് പെരിന്തല്‍മണ്ണ സബ് ജയിലില്‍നിന്നു ശിക്ഷകഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30 അമ്പലങ്ങളില്‍ മോഷണം നടത്തി.
പിടികൂടിയ സമയത്ത് എടപ്പാള്‍, കുറ്റിപ്പുറം ഭാഗത്തുള്ള ഒരു ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച പണവും അഞ്ചു ബൈക്കുകളുടെ താക്കോലും കുമളിയിലെ ആഡംബര റിസോര്‍ട്ടില്‍ പണം അടച്ചതിന്റെ രസീതും ഇയാളുടെ പക്കൽനിന്നു കണ്ടെടുത്തു.
മലപ്പുറം ജില്ലയില്‍ പുതുതായി 17, കോഴിക്കോട്- ഒന്‍പത്, തൃശൂര്‍- എട്ട്, പാലക്കാട് -ഒന്ന് എന്നിങ്ങനെ കേസുകളുണ്ട്. സ്വകാര്യ ആയുര്‍വേദ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവ് ആണെന്ന പേരിലാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്.
ഏജന്‍സികളില്‍നിന്നു കിട്ടുന്ന ചില്ലറയാണെന്നു പറഞ്ഞാണ് ഇവ നോട്ടാക്കി മാറ്റിയിരുന്നത്. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, സ്പെഷൽ ടീം അഗങ്ങളായ എസ്ഐ സജിമോന്‍ ജോസഫ്, എസിപിഒമാരായ പി.ജെ. സിനോജ്, ടോണി ജോണ്‍, സിപിഒ വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കേസിലെ തുടരന്വേഷണം കട്ടപ്പന എസ്എച്ച്ഒ വിശാല്‍ ജോണ്സണ്, എസ്ഐ ദിലീപ് കുമാര്‍ എന്നിവര്‍ക്കാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.