ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ച വ്യക്തിയുടെ സഹോദരിയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രി കെ. കെ. ശൈലജ നടത്തിയ ശ്രദ്ധേയമായ ഇടപെടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ മന്ത്രിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിപ രോഗികളെ ശുശ്രൂഷിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്.
നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പേ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പാക്കാനുമുള്ള മന്ത്രിയുടെ കഴിവിനെ പ്രശംസിക്കേണ്ടതാണെന്ന് സജീഷ് പറയുന്നു. നിപ കാലത്ത് മക്കള്‍ക്ക് പനി വന്നപ്പോള്‍ മന്ത്രി കാണിച്ച കരുതലും സ്‌നേഹവും ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് സജീഷ്. സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം….
ഒരു പാട് ഇഷ്ടം?? ടീച്ചര്‍ അമ്മ….
നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പെ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്.
നിപ കാലത്ത് റിതുലിനും സിദ്ധാര്‍ത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങള്‍ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോള്‍ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസോലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കള്‍ക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാര്‍ത്ത ആയിരുന്നു. ഈ ഒരു അവസരത്തില്‍ മക്കള്‍ക്ക് പനി മാറിയതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചര്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല
ടീച്ചറുടെ വാക്കുകള്‍ ‘ മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവര്‍ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്‌സര്‍വേഷന്‍ കഴിഞ്ഞെ വിടാന്‍ കഴിയു. ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്’
ടീച്ചറുടെ ഈ സ്‌നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങള്‍ക്ക് കരുത്ത് ആയി നിന്നത്.
ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങളോടൊപ്പം ഉണ്ട്