അഞ്ചല്‍: ഷാര്‍ജയിലെ കൊടുംചൂടില്‍ തൊഴിലില്ലാതെ എട്ടുമാസത്തോളം കെട്ടിടത്തിന്റെ ടെറസില്‍ താമസിച്ച് ജീവിതം തള്ളിനീക്കിയ യുവാവ് ഒടുവില്‍ നാട്ടില്‍ തിരിച്ചെത്തി. ചണ്ണപ്പേട്ട മുക്കൂട് സുദര്ശനമന്ദിരത്തില് സജീവിനാണ് ശമ്പളം ലഭിക്കാതെ ജോലിയില്‍നിന്നും പിരിച്ചുവിട്ടതോടെ ഷാര്‍ജയില്‍ നരകയാതന അനുഭവിക്കേണ്ടിവന്നത്. ഉയര്‍ന്ന ശമ്പളത്തില്‍ ഇലക്ട്രീഷ്യന് തസ്തികയില്‍ ജോലി വാഗ്ദാനത്താല്‍ ഷാര്‍ജയിലെത്തിയ സജീവിന് കെട്ടിടനിര്‍മാണ തൊഴിലാണ് ലഭിച്ചത്.
തൊഴില്‍ വശമില്ലാതിരുന്ന സജീവ് ഇത് നിരസിച്ചതിനെ തുടര്‍ന്ന് ഏറെ യാതനകള്‍ അനുഭവിക്കേണ്ടിവന്നു. വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ കോണ്സിലേറ്റിനേയും ഷാര്‍ജ മലയാളി അസോസിയേഷനേയും സമീപിച്ചെങ്കിലും സജീവ് അപഹാസ്യനാവുകയായിരുന്നു.
പാസ്പോര്‍ട്ട് പിടിച്ചുവച്ചശേഷം അറബി തൊഴില്‍ നിക്ഷേധിച്ചതോടെ ഒരുകണ്ണിന് കാഴ്ചയില്ലാത്ത സജീവിന് ലേബര്‍ ക്യാമ്പിന്റെ ടെറസില്‍ അഭയം തേടേണ്ടിവന്നു. സജീവിന്റെ ദുരിതജീവിതം ഗള്‍ഫിലെ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെ വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ശിഫാ അല്‍ ജസീറ എംഡിയും മലയാളിയുമായ ഡോ. കെ ടി റബിയുള്ള സഹായ ഹസ്തവുമായി എത്തുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം മുന്‍കൈയെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച സജീവിനെ നാട്ടിലെത്തിച്ചു. നാട്ടില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്തിരുന്ന സജീവ് ഏറെ പ്രതീക്ഷയുമായാണ് ഒരു വര്‍ഷം മുന്‍പ് ഷാര്‍ജയിലേക്ക് യാത്രതിരിച്ചത്. എന്നാല്‍ ദുരിതപൂര്‍ണമായ ജീവിതമാണ് സജീവിനെ അവിടെ കാത്തിരുന്നത്. കൊടുംചൂടുസഹിച്ച് തൊഴിലില്ലാതെ മാസങ്ങളോളം ടെറസിന്റെ മുകളില്‍ അന്തിയുറങ്ങിയ സജീവ് നാട്ടിലെത്തിയതോടെ ഭാര്യ രജനിയെക്കൂടാതെ മക്കളായ ആറാം ക്ലാസ് വിദ്യാര്‍ഥി ആകാശിന്റേയും നാലുവയസുകാരി ആദിത്യയുടേയും പ്രാര്‍ഥനയാണ് സഫലമായത്.
വിദേശരാജ്യങ്ങളില്‍ ആശുപത്രിശൃംഖലയുള്ള റബിയുള്ളയുടെ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ഗ്രൂപ്പ് മാനേജര്‍ മിത്ലാഹും മാനേജര്‍ ഹംസതിരൂരും കഴിഞ്ഞദിവസം സജീവിന്റെ ചണ്ണപ്പേട്ടയിലെ വീട്ടിലെത്തിയ 10ലക്ഷം രൂപ ധനസഹായവും കൈമാറി. നാട്ടിലെത്തിയെങ്കിലും അവശതയിലുള്ള സജീവ് ആരോഗ്യവാനായെത്തിയാല് അല്‍ജസീറയുടെ ഉടമസ്ഥതയില്‍ ഇന്ത്യയിലുള്ള ഏതെങ്കിലും കമ്പനിയില്‍ ഇലക്ട്രീഷന്‍ തസ്തികയില്‍തന്നെ ഇവര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.