മുക്കം: മുക്കത്ത് വിധവയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുക്കം മണാശ്ശേരി സ്വദേശി സജീവ് കുമാറാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലായത്. മകനോടൊപ്പം താമസിക്കുന്ന വീട്ടമ്മയെ വീട്ടിലെത്തിയ പ്രതി കടന്നു പിടിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ചു എന്നായിരുന്നു വീട്ടമ്മയുടെ പരാതി.
സംഭവം നടന്നു പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മുതൽ പ്രതി ഒളിവിൽ പോകുകയായിരുന്നു.കോവളത്ത് നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം മുപ്പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലകണ്ടിയുടെ നിർദേശപ്രകാരം മുക്കം ഇൻസ്പെക്ടർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്നതായി വിവരം ലഭിച്ച തമിഴ്നാട്ടിലെ ഗൂഡല്ലൂർ, കർണാടകയിലെ ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിൽ അന്വേഷണ സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.
തുടർന്ന് നടത്തിയ പഴുതടച്ച നീക്കത്തിലാണ് വ്യാഴാഴ്ച പുലർച്ചെ കോവളത്തെ സ്വകാര്യ റിസോർട്ടിൽവച്ച് പ്രതിയായ സജീവ്കുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
മുക്കം ഇൻസ്പെക്ടർ കെ. പി. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത് സജീവ്, എഎസ്ഐ സലീം മുട്ടത്ത്, സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ഷെഫീഖ് നീലിയാനിക്കൽ, സൈബർ സെൽ ഉദ്യോഗസ്ഥരായ സത്യൻ കാരയാട്, ടി.ഡി. റിജേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് കോവളം പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
സംഭവത്തിൽ പോലീസ് മനപ്പൂർവം പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തുകൊടുക്കുകയാണെന്നുമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു.
കൂടാതെ ഭരണകക്ഷിയുടെ മഹിളാ സംഘടന ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന് മുന്നിൽ ധർണയും സംഘടിപ്പിച്ചിരുന്നു.
സെക്ടറർ മജിസ്ട്രേറ്റായി “വിലസി’
മുക്കം.: വീട്ടമ്മയെ അപമാനിച്ച കേസിൽ ഒളിവിൽ കഴിയവെ പ്രതി സജീവ് കുമാർ ഗുഡല്ലൂർ, ഗുണ്ടൽപേട്ട ഭാഗങ്ങളിൽ സെക്ടറർ മജിസ്ട്രേറ്റ് ചമഞ്ഞ് ടാക്സി ഡ്രൈവറെ കബളിപ്പിച്ചു.
കേരളം, തമിഴ്നാട്, കർണാടക ,എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്ടർ മജിസ്ട്രേറ്റായി തന്നെ പ്രധാനമന്ത്രി നിയമിച്ചതാണെന്ന് പറഞ്ഞ് ടാക്സി ഡ്രൈവറെ വിശ്വസിപ്പിക്കുകയായിരുന്നു.
വണ്ടിയിൽ സെക്ടറൽ മജിസ്ട്രേറ്റ് എന്ന ബോർഡും ഒട്ടിച്ചു. ഒരു ദിവസം മുഴുവൻ കറങ്ങിയ ശേഷം ഡ്രൈവറിൽ നിന്ന് 1300 രൂപയും വാങ്ങി അവിടെ നിന്ന് മുങ്ങി.
തുടർന്ന് ടാക്സി ഡ്രൈവർ തന്റെ ഫോണിൽ നിന്ന് സജീവ് കുമാർ നാട്ടിലേക്ക് ബന്ധപ്പെട്ട നമ്പറിൽ വിളിച്ച് ഗൂഗ്ൾ പേയിലൂടെ പണം നൽകാനാവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇത് ഇയാളുടെ ഒളികേന്ദ്രങ്ങൾ കണ്ടെത്താൻ പോലീസിന് സഹായകമായി.