വടകര: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വടകരയിൽ നടന്ന അക്രമത്തിൽ ബലിയാടായത് സജീവ് മന്തരത്തൂർ എന്ന യുവാവ്. അക്രമികളെ പിരിച്ചുവിടാൻ പോലീസ് പ്രയോഗിച്ച ഗ്രനേഡിൽ നിന്ന് സജീവിന് സാരമായി പരിക്കേൽക്കുകയുണ്ടായി.
യുവ കവിയായ സജീവ് മന്തരത്തൂർ കഴിഞ്ഞ ദിവസം രാത്രി വടകര പുതിയ സ്റ്റാന്റിൽ ബസിറങ്ങി തൊട്ടടുത്ത കടയിലേക്ക് പോകുന്പോഴാണ് കാലിൽ ഗ്രനേഡിന്റെ ചീള് തറച്ചത്. രാത്രി ഏഴു മണിയോടെ സ്റ്റാന്റിൽ നിന്ന് കഐസ്ആർടിസി സ്റ്റേഷനു സമീപത്തു കൂടെ ഹൈവേയിലെ കടയിലേക്കു പോകുംവഴി പെട്ടെന്നാണ് ആൾക്കൂട്ടം ഓടി വരുന്നത് കണ്ടത്. തൊട്ടടുത്തുള്ള ടാക്സിസ്റ്റാന്റിനു സമീപത്തേക്ക് മാറിനിൽക്കാൻ ശ്രമിച്ചപ്പോഴേക്കൂം ശക്തമായ ഏതോ വസ്തു കാലിൽ പതിച്ചെന്നു സജീവ് പറഞ്ഞു.
നോക്കുന്പോൾ കാലിൽ ആഴത്തിൽ മുറിവേറ്റ നിലയിലായിരുന്നു.ഇടതുകാലിൽ ആഴത്തിൽ മുറിവേറ്റ സജീവ് ആദ്യം വടകര ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ഇപ്പോൾ മന്തരത്തൂരിലെ വീട്ടിൽ വിശ്രമത്തിലാണ്.