സ്വന്തം ലേഖകൻ
അയ്യന്തോൾ: തൃശൂർ കളക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ട് എന്നു ഫോണിലൂടെ ഭീഷണി മുഴക്കിയ ആൾ പിടിയിൽ.അക്കിക്കാവ് കോയിക്കരയിൽ വീട്ടിൽ സജീവൻ (51) ആണ് ഭീഷണിമുഴക്കി മണിക്കൂറുകൾക്കകം പോലീസിന്റെ പിടിയിലായത്.ഇയാൾ മദ്യലഹരിയിലാണു ബോംബ് ഭീഷണി മുഴക്കിയത് എന്നു പറയുന്നു.
തിങ്കാളാഴ്ച രാത്രി എട്ടോടെയാണ് ഇയാൾ മദ്യപിച്ചു ലക്കുകെട്ട് കളക്ടറേറ്റിൽ പെട്രോൾ ബോംബ് വയ്ക്കുമെന്നു സ്വന്തം മൊബൈൽ ഫോണിൽ നിന്ന് തിരുവനന്തപുരത്തെ കണ്ട്രോൾ റൂമിലേക്കു വിളിച്ചു പറഞ്ഞത്.
ഭീഷണി സന്ദേശം കിട്ടിയ ഉടൻ തിരുവനന്തപുരം കണ്ട്രോൾ റൂമിൽ നിന്ന് സൈബർ സെല്ലുമായി ബന്ധപ്പെടുകയും സന്ദേശം വന്നതു ഗുരുവായൂരിൽ നിന്നാണെന്നു കണ്ടെത്തുകയും ചെയ്തു.
പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണു ഗുരുവായൂർ നെന്മേനിയിൽ നിന്നാണു ഭീഷണി സന്ദേശം വന്നതെന്നു കണ്ടെത്തിയത്.
ഇതേത്തുടർന്ന് വെസ്റ്റ് പോലീസ് ഗുരുവായൂർ പോലീസിന്റെ സഹായത്തോടെ ഇയാളെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
എസ്ഐ കെ.ആർ. റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെത്തുന്പോൾ മദ്യലഹരിയിലായിരുന്ന ഇയാളെ പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾക്കെതിരെ കുന്നംകുളം, ടൗണ്‍ ഈസ്റ്റ്, തൃശൂർ റെയിൽവേ എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.