അമ്പലപ്പുഴ: സിപിഎം ബ്രാഞ്ചംഗവും മത്സ്യത്തൊഴിലാളിയുമായ സജീവന്റെ തിരോധാനത്തില്‍ പോലീസിനോട് വിശദീകരണം തേടി ഹൈക്കോടതി .
തോട്ടപ്പള്ളി പൊരിയൊന്റെ പറമ്പില്‍ സജീവനെ കാണാതായ സംഭവത്തില്‍ അമ്പലപ്പുഴ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ഭാര്യ സജിത സമര്‍പ്പിച്ച ഹേബിയസ് കോർപ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
ശാസ്ത്രീയമായ അന്വേഷണം നടക്കുന്നില്ലെന്നും സിപിഎം വിഭാഗീയതയുടെ ഭാഗമാണോ എന്നും സംശയിക്കുന്നതായും അതുകൊണ്ട് കോടതി ഇടപെടണമെന്നും പരാതിക്കാരിക്കുവേണ്ടി അഡ്വ വി പ്രവീണ്‍ കോടതിയോട് ആവശ്യപ്പെട്ടു. ബുധനാഴ്ച സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്നലെയാണ് ഉത്തരവിട്ടത്.
ഒരാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന് അമ്പലപ്പുഴ സി ഐ, ജില്ലാ പോലീസ് മേധാവി, ഡി ജി പി, ചീഫ് സെക്രട്ടറി എന്നിവരോട് കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ 29 മുതലാണ്സിപിഎം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ചു കമ്മിറ്റി അംഗം കൂടിയായ സജീവനെ കാണാതാകുന്നത്.
സിപിഎം ബ്രാഞ്ച് സമ്മേളനം നടക്കുന്നതിന് തൊട്ടടുത്ത ദിവസമാണ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനെ കാണാതാകുന്നത്.
ഇത് വിഭാഗീയതയുടെ പേരില്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു.മത്സ്യത്തൊഴിലാളിയായ സജീവനെ കാണാതാകുന്ന ദിവസം തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നും ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയിരുന്നു.
ഭാര്യ സജിത വിളിച്ചതിനെ തുടര്‍ന്ന് കാരിയര്‍ വള്ളത്തില്‍ തിരികെ ഹാര്‍ബറിലെത്തി.
പിന്നീട് ഭാര്യയുടെ കുടുംബ വീടായ പുത്തന്‍നടയില്‍ നിന്നും സജീവന് ഓട്ടോറിക്ഷയില്‍ തോട്ടപ്പള്ളിയില്‍ വന്നിറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍ വീട്ടില്‍ എത്തിയില്ല. തുടര്‍ന്നാണ് ഭാര്യ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്.