കൊച്ചി: “കടം വാങ്ങിയും കൈക്കൂലി കൊടുത്തും മുടിഞ്ഞു, ഓഫീസ് കയറിയിറങ്ങി മടുത്തു. ഇനി വയ്യ സാര്‍…’
ഭൂമി തരംമാറ്റുന്നതിനായി എറണാകുളത്തുള്ള ഏജന്‍സിക്ക് ഒരു ലക്ഷം രൂപയോളം കൈക്കൂലി കൊടുത്തിട്ടും കാര്യം നടക്കാത്തതില്‍ നിരാശനായി മത്സ്യത്തൊഴിലാളിയായ സജീവന് ഹൈക്കോടതിയിലെ ഒരു അഭിഭാഷകനോട് കഴിഞ്ഞ മാസം നടത്തിയ വെളിപ്പെടുത്തലാണിത്.
സജീവന്റെ വാക്കുകള്‍: “ഭൂമി തരംമാറ്റുന്നതിനായി ഒന്നര വര്‍ഷം മുമ്പ് ആര്‍ഡി ഓഫീസില്‍ അപേക്ഷ കൊടുത്തു. ആ സമയം കൈപ്പറ്റ് രസീതോ മറ്റു രേഖകളോ തന്നില്ല.
പിന്നീട് എറണാകുളത്തെ ഏജന്‍സിയാണ് തന്നെ ബന്ധപ്പെട്ടത്. ഏജന്‍സി ആവശ്യപ്പെട്ടതനുസരിച്ച് 20,000ത്തോളം രൂപ അടച്ചു.
പിന്നീട് പല ഘട്ടങ്ങളിലായി ആര്‍ഡി ഓഫീസില്‍ ഉദ്യോഗസ്ഥര്‍ക്കു നല്കാനാണെന്നു പറഞ്ഞ് കൈക്കൂലിയായി കൂടുതല്‍ തുക ഏജന്‍സി ആവശ്യപ്പെട്ടു. പലരില്‍നിന്ന് കടം വാങ്ങിയും മറ്റും ഒരു ലക്ഷത്തോളം രൂപ കൊടുത്തു.
മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഏജന്‍സി കൈയൊഴിഞ്ഞു. ഫോണ്‍പോലും എടുക്കാതെയായി. പിന്നീടുള്ള യാത്രകള്‍ ഫോര്‍ട്ടുകൊച്ചി ആര്‍ഡി ഓഫീസിലേക്കായിരുന്നു.
വീടു വയ്ക്കണമെന്ന മോഹവുമായി പണി കളഞ്ഞുപോലും പല ദിവസങ്ങളിലും ഓഫീസ് കയറിയിറങ്ങി. ഒരാഴ്ച കഴിഞ്ഞു വാ, ഒരു മാസം കഴിഞ്ഞു വാ എന്നെല്ലാം പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു പതിവ്’.
ഭൂമി തരംമാറ്റി കിട്ടാനും അതല്ലെങ്കിൽ നല്കിയ പണം തിരികെ കിട്ടാനുമുള്ള നിയമസാധ്യത തേടിയാണ് സജീവന് അഭിഭാഷകനെ സമീപിച്ചത്.
അപേക്ഷ കൊടുത്തതിന്റെ രേഖകളുമായി വരാന്‍ പറഞ്ഞാണ് സജീവനെ വിട്ടതെന്നും ഇന്നലെ അദ്ദേഹത്തിന്റെ മരണവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും അഭിഭാഷകന് പറഞ്ഞു.