കോഴഞ്ചേരി: ഇലന്തൂർ ഇടപ്പരിയാരം കൊല്ലംപാറ വിജയവിലാസത്തിൽ സജീവ് (54) മർദനമേറ്റ് മരിച്ച കേസിൽ കുറിയാനിപ്പള്ളി ലക്ഷ്മീപുരത്ത് അരുൺലാലിനെ (കൊച്ചുമോൻ – 33) ഇലവുംതിട്ട പോലീസ് അറസ്റ്റുചെയ്തു. കൂട്ടുപ്രതി ലാൽഭവനിൽ പ്രേംലാലിനെ പോലീസ് തെരയുന്നു. നേരത്തെ മകളുടെ കാമുകനെ സംശയിച്ചിരുന്നെങ്കിലും പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് അരുൺലാലിന്റെ പങ്ക് തെളിഞ്ഞത്.
ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെയും ഡിവൈഎസ്പി കെ. സജീവിന്റെയും മേൽനോട്ടത്തിൽ ഇലവുംതിട്ട ഇൻസ്പക്ടർ ചന്ദ്രബാബു, എസ്ഐമാരായ എ. അനീസ്, വി. ആർ. വിശ്വനാഥ്, എഎസ്ഐമാരായ ലിൻസൺ, അജികുമാർ, അശോകകുമാർ, സിപിഒമാരായ ബിനോയ്, വിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കേസ് സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒരു ബസ് ജീവനക്കാരനുമായി തന്റെ മകൾ പ്രണയത്തിലായ വിവരം അറിഞ്ഞാണ് കഴിഞ്ഞ 23ന് പ്രവാസിയായ സജീവ് ജോലി രാജിവച്ച് നാട്ടിലെത്തിയത്.
തുടർന്ന് മകളെ പിന്തിരിപ്പിക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെട്ടു. മകൾ അമ്മയോടൊപ്പം മെഴുവേലി കുറിയാനിപ്പള്ളി എരിഞ്ഞിനാംകുന്നിലുള്ള അവരുടെ വീട്ടിലേയ്ക്ക് താമസം മാറ്റുകയും സജീവിനെതിരെ 24 ന് ആറന്മുള പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നം പറഞ്ഞുതീർത്തു.
27 ന് സജീവ് ഓട്ടോറിക്ഷയിൽ ഭാര്യാഗൃഹത്തിലെത്തി. ഭാര്യാ സഹോദരനുമായി വാക്കേറ്റമുണ്ടായി. ഈ വിവരം ഭാര്യയുടെ ബന്ധുക്കൾ സമീപവാസിയായ അരുൺലാലിനെ അറിയിച്ചു. ഇയാൾ പ്രേംലാലുമൊന്നിച്ച് ബൈക്കിലെത്തി സജീവിനെ മർദിച്ചു. ഭാര്യയുടെ മറ്റൊരു ബന്ധു സ്ഥലത്തെത്തി സജീവിനെ ഓട്ടോറിക്ഷയിൽ കയറ്റിവിടുകയായിരുന്നു. ഇടപ്പരിയാരത്തെ വീടിന് മുന്നിലെത്തിയ സജീവ് പടിയിൽ മയങ്ങിവീണു. നാട്ടുകാർ ആംബുലൻസിൽ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും നില വഷളായതിനെ തുടർന്ന് വൈക്കത്തെ ആശുപത്രിയിലും എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.