പറവൂർ: “ഭരണസംവിധാനവും ഉദ്യോഗസ്ഥരുടെ സ്വഭാവവുമാണ് എന്റെ മരണത്തിന് കാരണം. സാധാരണക്കാർക്കിവിടെ ജീവിക്കാൻ നിവൃത്തിയില്ല.
എല്ലാത്തിനും കൈക്കൂലി കൊടുക്കണം.” ഭൂമി തരംമാറ്റാൻ അപേക്ഷ കൊടുത്തിട്ട് ഒരുവർഷം കഴിഞ്ഞിട്ടും ഫലമുണ്ടാകാത്തതിനെ തുടർന്നു ആത്മഹത്യ ചെയ്ത മൂത്തകുന്നം മാല്യങ്കര കോഴിക്കൽ സജീവൻ (57) എഴുതി വച്ച ആത്മഹത്യാ കുറിപ്പിലെ വാക്കുകളാണിത്.
പുരയിടം പണയപ്പെടുത്തി വായ്പയെടുത്ത് കടങ്ങൾ തീർക്കാനായി ബാങ്കിലെത്തിയപ്പോഴാണു തന്റെ വീടിരിക്കുന്ന സ്ഥലം നിലമാണെന്നു സജീവന് മനസിലാകുന്നത്.
നിലമായതിനാൽ വായ്പ കിട്ടില്ലെന്നിരിക്കെ സ്ഥലത്തിന്റെ സ്വഭാവം മാറ്റാൻ വില്ലേജ് ഓഫീസ് വഴി അപേക്ഷ നല്കി.
കഴിഞ്ഞ ഒരു വർഷമായി ഇതിനായി വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു.
ബുധനാഴ്ച ഫോർട്ടുകൊച്ചി ആർഡിഒ ഓഫീസിലെത്താൻ പറഞ്ഞതനുസരിച്ച് അവിടെ പോയിരുന്നു. നിരാശനായാണ് അവിടെനിന്നു മടങ്ങിയത്. രാത്രി കുറിപ്പെഴുതി വച്ചു സജീവൻ തൂങ്ങിമരിക്കുകയായിരുന്നു.
സജീവൻ ഭൂമി തരംമാറ്റുന്നതിനുള്ള ആവശ്യത്തിനായി വിവിധ ഓഫിസുകൾ കയറി ഇറങ്ങിയതിന് എണ്ണമില്ലെന്നാണ് പഞ്ചായത്ത് അംഗം പി.എം. ആന്റണി പറയുന്നു.
താൻ ഉൾപ്പെടെ പലരും ഇക്കാര്യത്തിനായി സജീവനോടൊപ്പം പല ഓഫീസിലും പോയിരുന്നു. ആർഡിഒ ഓഫീസിൽ കാണാതായ അപേക്ഷ പിന്നീട് രണ്ടു ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.
വടക്കേക്കര പഞ്ചായത്തിൽ ഒരിഞ്ചു ഭൂമി പോലും നിലമായിട്ടില്ലെങ്കിലും സജീവന്റെ ഭൂമി ഉൾപ്പെടെ നിരവധി പേരുടെ ഭൂമി രേഖകളിൽ നിലമായിട്ടാണ് കിടക്കുന്നത്.
ആർഡിഒ ഓഫീസിൽ നിലം പുരയിടമാക്കി നൽകുന്നതുമായി ബന്ധപെട്ടു മാഫിയ സംഘം തന്നെ പ്രവർത്തിച്ചിരുന്നു.
കൈക്കൂലി വ്യാപകമായതിനെ തുടർന്ന് ആറുമാസം മുമ്പാണ് എല്ലാ ജീവനക്കാരെയും മാറ്റി പുറിയ ടീമിനെ നിയമിച്ചത്.
ഇവർക്ക് 2019 വരെയുള്ള അപേക്ഷകൾ മാത്രമാണ് പരിഹരിക്കാനായിട്ടുള്ളത്. നിലവിൽ 2020 ൽ നൽകിയ അപേക്ഷകൾ പരിഗണിക്കപ്പെട്ടുവരികയാണ്.
25 സെന്റ് ഭൂമി വരെ മാറ്റുന്നതിന് ഫീസ് ഒഴിവാക്കിയതോ അപേക്ഷകരുടെ എണ്ണം കൂടി ആർഡിഒ ഓഫീസിൽ മാത്രം പതിനായിരം അപേക്ഷകൾ കെട്ടികിടക്കുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
സജീവന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ ഇന്നു പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: സതി. മക്കൾ: നിതിൻ ദേവ്, അഷിത ദേവി. മരുമക്കൾ: വർഷ, രാഹുൽ.
റവന്യൂ വകുപ്പിന് വിഴ്ചയുണ്ടായോ എന്ന് അന്വേഷിക്കും: മന്ത്രി
വയനാട്: കൊച്ചി മാല്യൻകരയിൽ മത്സ്യത്തൊഴിലാളി ആത്മഹത്യാ കുറിപ്പെഴുതി ജീവനൊടുക്കിയ സംഭവത്തിൽ റവന്യൂവകുപ്പിന് വീഴ്ച സംഭവിച്ചോ എന്ന് അന്വേഷിക്കുമെന്നു റവന്യൂമന്ത്രി കെ. രാജൻ.
ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തും. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല.
അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍
കൊച്ചി:ഒന്നര വര്‍ഷം ശ്രമിച്ചിട്ടും ഭൂമി തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
സംഭവിക്കാന്‍ പാടില്ലാത്തതാണ് നടന്നത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസിലെ ജീവനക്കാരില്‍ ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു അദ്ദേഹം പറഞ്ഞു.
കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ മുന്‍ഗണന ഉള്ളവ തീര്‍പ്പാക്കാന്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങള്‍ക്കു മുമ്പ് 12 പേരടങ്ങുന്ന സ്പെഷല്‍ ടീമിനെ ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഓഫീസില്‍ നിയമിച്ചിരുന്നു. ഈ സംവിധാനത്തിലൂടെ കെട്ടിക്കിടന്ന 4,000 അപേക്ഷകളില്‍ തീർപ്പുകല്‍പ്പിക്കാനായെന്നും കളക്ടര്‍ അറിയിച്ചു.