കുഞ്ഞിമംഗലം: 12 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ കുറുവാട്ടില്‍ സജീവന് പെരുവണ്ണാന് ഭഗവതിയുടെ തിരുമുടിയേറ്റും. ക്ഷേത്രം സ്ഥാനീകരുടെയും കോയ്മമാരുടേയും മറ്റു ക്ഷേത്രാചാര്യന്മാരുടെയും വാല്യക്കാരുടേയും ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ കോലധാരിയെ കണ്ടെത്തുന്നതിനുള്ള വരച്ചുവെക്കല്‍ ചടങ്ങിലൂടെയാണ് കോലധാരിയെ കണ്ടെത്തിയത്.
കുറുവാട്ടില്‍ തറവാട്ടുകാര്‍ക്കാണ് മുച്ചിലോട്ട് ഭഗവതിയുടെ കോലം ധരിക്കാനുള്ള അവകാശം. ക്ഷേത്രം ജന്മകണിശന് സുഗുണന് കുഞ്ഞിമംഗലം, പാണപ്പുഴ നാരായണന്, ശ്രീഹരി ആലപ്പടമ്പ്, പപ്പന് ചെറുതാഴം, ഗംഗാധരന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രശ്ന വിധി നടന്നത്. സജീവന് പെരുവണ്ണാന് ആദ്യമായാണ് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടിയേറ്റുന്നത്.
കോലധാരിയായി തെരഞ്ഞെടുക്കപ്പെട്ട സുരേശന് പെരുങ്കളിയാട്ടം കഴിയുന്നതു വരെ ക്ഷേത്രത്തിനു സമീപത്ത് പ്രത്യേകം തയ്യാറാക്കിയ കുച്ചിലിനകത്ത് വ്രതാനുഷ്ഠാനങ്ങളോടെ കഴിയും.23 മുതല്‍ 26 വരെ നടത്തുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായാണ് വരച്ചുവെക്കല്‍ ചടങ്ങ് നടന്നത്.
പുറത്തെരുവത്ത് മുച്ചിലോട്ടെ കഴകപ്പുരയിലും പാട്ട് കൊട്ടിലിലും പള്ളിയറയിലും നിറദീപം തെളിച്ച് പൂജാദികര്മത്തോടെയാണ് വരച്ചുവെക്കല്‍ ചടങ്ങിന് തുടക്കമിട്ടത്. 23 മുതല്‍ 26 വരെയുള്ള പെരുങ്കളിയാട്ട മഹോത്സവവേളകളില് ക്ഷേത്ര പരിസരത്ത് സാമൂഹ്യ സാംസ്കാരിക പരിപാടികളുണ്ടാകും. 26ന് ഉച്ചക്ക് 12.30 നാണ് ഭഗവതിയുടെ തിരുമുടി നിവരുന്നത്.
പെരുങ്കളിയാട്ട ദിവസങ്ങളില്‍ അന്നദാനം ഉണ്ടാകും. ഉത്സവദിവസങ്ങളില്‍ മുച്ചിലോട്ട് ഭഗവതിയുടെ ഉപദേവതമാരായ കണ്ണങ്ങാട്ട് ഭഗവതി, നരമ്പില്‍ ഭഗവതി, പുലിയൂര്കാളി, പുലിയൂര്‍കണ്ണന്‍, വിഷ്ണുമൂര്‍ത്തി, ചാമുണ്ഡിമാര്‍ തുടങ്ങിയ തെയ്യക്കോലങ്ങളും കെട്ടിയാടും. മംഗല കുഞ്ഞുങ്ങളും തോറ്റങ്ങളുടെ വരവിളിപ്പാട്ടും നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ദിവസങ്ങള്‍ക്കായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയുള്ള കാത്തിരിപ്പിലാണ് കുഞ്ഞിമംഗലം.