കൽപ്പറ്റ: യുവതിയേയും യുവാവിനേയും ക്രൂരമായി മർദിച്ച പ്രതി ഒളിവിൽ. അന്പലവയൽ ടൗണിൽവച്ച് യുവതിയേയും സുഹൃത്തിനേയും പരസ്യമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്ത അന്പലവയൽ സ്വദേശി സജീവാനന്ദ് ഒളിവിൽ. ഇവരെ പരസ്യമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നതും പോലീസ് കേസെടുക്കാൻ തയാറായതും.
സംഭവ ദിവസംതന്നെ പോലീസ് വിവരങ്ങൾ അറിഞ്ഞിരുന്നെങ്കിലും പരാതിയില്ലെന്ന കാരണത്താൽ തുടർ നടപടിയുണ്ടായില്ല. മർദനം നടത്തിയ സജീവാനന്ദിനെ സ്റ്റേഷനിൽ എത്തിച്ചെങ്കിലും പോലീസ് വിട്ടയക്കുകയായിരുന്നു. പോലീസ് സ്റ്റേഷന് മൂക്കിനുതാഴെ നടന്ന സംഭവം ലഘൂകരിച്ച പോലീസ് നടപടിക്കെതിരെയും പ്രതിഷേധം ശക്തമാണ്. വിവിധ സംഘടനകൾ ഇന്നലെ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഇന്നും വിവിധ സംഘടനകൾ പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം സജീവാനന്ദിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും നിലവിൽ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അന്പലവയൽ പോലീസ് രാഷ്്ട്രദീപികയോട് പറഞ്ഞു.
ദുരൂഹതകൾ ബാക്കിയാക്കി മർദനമേറ്റവരും കാണാമറയത്ത്
കൽപ്പറ്റ: അന്പലവയൽ ടൗണിൽവച്ച് മർദനമേറ്റ യുവാവും യുവതിയും കാണാമറയത്ത്. സംഭവം നടന്ന 21ന് ശേഷം മർദനമേറ്റ ഇരുവരേയും കാണാതായി. ഇവർ അന്പലവയൽ ടൗണിന് സമീപത്തെ റിസോർട്ടിൽ 21ന് ഉച്ചയ്ക്ക് മുറിയെടുത്തിരുന്നു. എന്നാൽ വൈകുന്നേരത്തോടെ റൂം ഒഴിവാക്കി പുറത്ത് പോവുകയുമായിരുന്നു. ഇതിന് ശേഷമാണ് ഇവർക്ക് മർദനമേറ്റത്.
റിസോർട്ടിൽ നൽകിയ അഡ്രസ് വ്യാജമാണെന്നും യുവാവ് പാലക്കാട് സ്വദേശിയും യുവതി തമിഴ്നാട് സ്വദേശിയുമാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മർദ്ദനം നടത്തിയ സജീവാനന്ദും ഇരകളും തമ്മിൽ മുൻപരിചയമുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ സജീവാനന്ദിന്റെ ഫോണ്‍ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
കോണ്‍ഗ്രസിനു പങ്കില്ലെന്നു ഡിസിസി പ്രസിഡന്റ്
കൽപ്പറ്റ: അന്പലവയലിൽ തമിഴ്നാട് സ്വദേശികളായ ദന്പതികൾക്കു മർദനമേറ്റ സംഭവത്തിൽ കോണ്‍ഗ്രസിനു പങ്കില്ലെന്നു ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ പ്രസ്താവനയിൽ അറിയിച്ചു. ദന്പതികളെ മർദിച്ചതു പ്രാദേശിക കോണ്‍ഗ്രസ് നേതാവാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇതു ശരിയല്ല. കുറ്റക്കാരനെതിരായ പോലീസ് നടപടികൾക്കു കോണ്‍ഗ്രസ് പൂർണ പിന്തുണ നൽകുമെന്നും ബാലകൃഷ്ണൻ പറഞ്ഞു.