കാക്കനാട്: ഇൻഫോപാർക്കിനു സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ഒളിപ്പിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം വണ്ടൂർ അമ്പലപ്പടി സ്വദേശി സജീവ് കൃഷ്ണയാണ് (23) കൊല്ലപ്പെട്ടത്.
മൃതദേഹം ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോഴിക്കോട് സ്വദേശി അർഷദിനെ കാണാനില്ല. ഇൻഫോപാർക്കിനു സമീപം ഇടച്ചിറ ഒക്സോണിയ ഫ്ലാറ്റിലാണ് സംഭവം.
സജീവ് ഉൾപ്പെടെ അഞ്ച് പേരായിരുന്നു വാടകയ്ക്കെടുത്തിരുന്ന ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അവധിക്കു വിനോദയാത്രയ്ക്കു പോയിരുന്ന സഹതാമസക്കാരായ രണ്ടു പേർ മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം പുതപ്പും മറ്റും ഉപയോഗിച്ച് കെട്ടി മറച്ചനിലയിലായിരുന്നു. ശരീരത്തിൽ പലയിടത്തും വെട്ടേറ്റ മുറിവുകളുണ്ടെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച വിനോദയാത്ര കഴിഞ്ഞ് സുഹൃത്തുക്കൾ മടങ്ങിയെത്തിയപ്പോൾ ഫ്ളാറ്റിലെ മുറി പൂട്ടിയനിലയിലായിരുന്നു. തുടർന്നു സജീവിനെയും അർഷദിനെയും ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സ്ഥലത്തില്ലെന്ന സന്ദേശം ഫോണിൽ ലഭിച്ചു.
തുടർന്ന് ഇവർ സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു. പിന്നീട് രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ഓഫായതിനെ തുടർന്ന് സംശയം തോന്നിയതോടെ ഇന്നലെ ഉച്ചയോടെ ഫ്ലാറ്റിലെത്തി ഡ്യൂപ്ലിക്കറ്റ് താക്കോൽ ഉപയോഗിച്ച് അകത്ത് കയറി.
ഹാളിൽ രക്തക്കറ കണ്ട ഇവർ നടത്തിയ പരിശോധനയിലാണ് ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ തങ്ങി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടത്.
മൃതദേഹം ഡക്ടിലൂടെ താഴേക്കിടാനുള്ള ശ്രമമായിരുന്നു എന്നാണ് കരുതുന്നത്. രക്തക്കറ കഴുകിക്കളയാൻ ശ്രമിച്ചിട്ടുണ്ടായിരുന്നു.