അതിരന്പുഴ: കിണർ തേകുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച സംഭവത്തിൽ പഞ്ചായത്ത് റോഡ് തകർന്നു കിടക്കുന്നതിനാൽ ഫയർഫോഴ്സിന്റെ രക്ഷാപ്രവർത്തനം ഒരു മണിക്കൂറോളം വൈകിയതിൽ പ്രതിഷേധം ശക്തമാകുന്നു.
അതിരന്പുഴ വട്ടമലയിൽ സജി ചാക്കോ (52) ആണ് ഇന്നലെ അപകടത്തിൽ മരിച്ചത്. ഞൊങ്ങിണിക്കവല – കരിവേലിമല റോഡിന് സമീപമുള്ള പുരയിടത്തിലെ ആഴമുള്ള കിണർ തേകുന്നതിനിടെ ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് അപകടം സംഭവിക്കുന്നത്.
50 അടിയോളം ആഴമുള്ള കിണർ വൃത്തിയാക്കി തീരാറായ ഘട്ടത്തിലാണ് 18 അടിയോളം മുകളിൽ നിന്ന് മണ്ണിടിഞ്ഞ് സജിയുടെ ശരീരത്തിലേക്ക് വീണത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും ഞൊങ്ങിണിക്കവല – കരിവേലിമല റോഡ് ഇടിഞ്ഞ് തകർന്നു കിടക്കുന്നതിനാൽ സംഭവസ്ഥലത്തേക്ക് എത്താൻ സാധിച്ചില്ല.
വലയും മറ്റ് ഉപകരണങ്ങളുമായെത്തി രക്ഷാപ്രവർത്തനം ആരംഭിക്കാൻ ഒരു മണിക്കൂർ വേണ്ടിവന്നു.
മെഡിക്കൽ കോളജിൽ എത്തിക്കുന്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഫിലോമിനയാണ് സജിയുടെ ഭാര്യ. മക്കൾ: സോബിൻ, സോന.