സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാന്പത്തിക പ്രതിസന്ധി മറികടക്കാൻ എല്ലാ നികുതികളും കുത്തനെ ഉയർത്തിയതിനു പിന്നാലെ മന്ത്രി സജി ചെറിയാന് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് ഔദ്യോഗിക വസതി കണ്ടെത്തി സർക്കാർ.
തൈക്കാട് ഈശ്വരവിലാസം റെസിഡന്റ്സ് അസോസിയേഷനിലെ 392-ാം നന്പർ ആഡംബരവസതിയാണു മന്ത്രി സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകയ്ക്ക് എടുത്തത്.
85,000 രൂപ പ്രതിമാസ വാടകയ്ക്കു പുറമേ വൈദ്യുതി ചാർജ്, വാട്ടർ ചാർജ് തുടങ്ങിയവയും നൽകണം. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ഇതിനും ലക്ഷങ്ങൾ വേണ്ടിവരും.
ഔട്ട് ഹൗസ് ഉൾപ്പെടെ വിശാലസൗകര്യങ്ങളുള്ള വസതിയാണിത്. ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. വഞ്ചിയൂർ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ളതാണു വസതി.
ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവില്ലാത്തതുകൊണ്ടാണ് വാടകയ്ക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം.
സജി ചെറിയാൻ നേരത്തേ മന്ത്രിയായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന കവടിയാർ ഹൗസ് മന്ത്രി വി. അബ്ദുറഹിമാനു നൽകിയിരുന്നു.