ചെങ്ങന്നൂർ : ആലപ്പുഴ ജില്ലയിലും സി പി എമ്മിന്റെ ഔദ്യോഗികസ്ഥാനാർഥി പട്ടിക പുറത്തു വന്നതോടെ ചെങ്ങന്നൂരിലെ ഇടതു സ്ഥാനാർഥി സജി ചെറിയാന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് സജീവ തുടക്കമായി.നിലവിലെ സിറ്റിങ്ങ് എംഎൽഎ എന്ന നിലയിലും രണ്ടാമൂഴമായതിനാലും സ്ഥാനാർഥിത്വത്തിൽ ആശങ്കയോ അനിശ്ചിതത്വമോ ഇവിടെ ഉണ്ടായിരുന്നില്ല.
അതിനാൽ തന്നെ മണ്ഡലത്തിൽ വിജയം ആവർത്തിച്ചുറപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടനാ തലത്തിൽ തന്നെ നേരത്തേ തുടങ്ങിയിരുന്നു.
എങ്കിലും പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമുള്ള പ്രവർത്തനം എന്ന നിലയിൽ ഇന്നലെ ഉച്ചതിരിഞ്ഞ് ചെങ്ങന്നൂർ നഗരത്തിലെ വ്യാപാരികളോടും ശാസ്താംപുറം മാർക്കറ്റിലെ കച്ചവടക്കാരോടും വോട്ട് അഭ്യർച്ചായിരുന്നു സജിചെറിയാന്റെ ഔപചാരിക തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്.
ഇനി ഇന്നു നടക്കുന്ന എൽ ഡി എഫ് നിയോജക മണ്ഡലം കൺവൻഷനും തുടർന്നു നടക്കുന്ന ബൂത്ത് കൺവൻഷനുകളും കുടുംബയോഗങ്ങൾ ,കോളനി യോഗങ്ങൾ എന്നിവയും കഴിയുന്ന മുറയ്ക്ക് പ്രചാരണ പ്രവർത്തനങ്ങൾ ഊർജസ്വലമാകും.
കെ.കെ.രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണത്തെ തുടർന്ന് 2018-ൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് കഴിഞ്ഞ തവണ സജി ചെറിയാൻ ചെങ്ങന്നൂരിൻ്റെ എം എൽ എ ആയത് .
എൽ ഡി എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവൻഷൻ ഇന്നു വൈകിട്ട് നാലിന് എം സി റോഡിൽ ഗവണ്മെൻ്റ് ആശുപത്രി കവലയ്ക്കുക്കു സമീപമുള്ള പഴയ പൂപ്പള്ളി ആശുപത്രി മൈതാനത്ത് നടക്കും.മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും.
എതിരാളി ആര് ?
അതേസമയം മണ്ഡലത്തിത്തിൽ യുഡിഎഫ്, എൻ ഡി എ മുന്നണി സ്ഥാനാർഥികളെ സംബന്ധിച്ച അനിശ്ചിതത്വം ഇനിയും നീങ്ങിയിട്ടില്ല. കാലവിളംബം കൂടാതെ അടുത്ത ദിവസങ്ങളിലായി ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫിന്റെയും എൻ ഡി എ യുടെയും പ്രവർത്തകർ.