തിരുവല്ല: മുന്‍ മന്ത്രി സജി ചെറിയാന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും ഉള്‍ക്കൊള്ളുന്ന വീഡിയോ കൈവശമില്ലെന്ന് സിപിഎം.
സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലാണ് മുന്‍മന്ത്രി വിവാദ പ്രസംഗം നടത്തിയത്. ഭരണഘടനയെ അവഹേളിച്ചു മന്ത്രി നടത്തിയതായി പറയുന്ന പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗങ്ങളും വേണമെന്നാവശ്യവുമായി കേസന്വേഷിക്കുന്ന പോലീസ് സംഘം സിപിഎം ഏരിയാ കമ്മിറ്റിയെ സമീപിച്ചിരുന്നു.
എന്നാല്‍ തങ്ങള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്തിട്ടില്ലെന്നും നേരത്തെ ഫേസ്ബുക്ക് പേജിലുണ്ടായിരുന്നത് ഡിലൈറ്റ് ആയെന്നുമാണ് കമ്മിറ്റിയുടെ വിശദീകരണം. പ്രസംഗം മുഴുവനായി ആരുടെ കൈവശമുണ്ടെങ്കിലും വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
മൊഴിയെടുത്തു
ഇതിനിടെ സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജില്‍ നിന്നു നീക്കം ചെയ്യപ്പെട്ട സജി ചെറിയാന് എംഎല്‍എയുടെ വിവാദ പ്രസംഗം വീണ്ടെടുക്കാന്‍ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടന് സജി ചെറിയാനെതിരേ പോലീസില്‍ നല്കിയ പരാതിയില്‍ ഇന്നലെ മൊഴിയെടുത്തു.
സജി ചെറിയാനെതിരേ ഉചിതമായ നടപടി ഉണ്ടാകാത്ത പക്ഷം സംഭവത്തിലെ പ്രധാന തെളിവായ വീഡിയോ വീണ്ടെടുക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കോടതിയെ അടക്കം സമീaക്കാനാണ് തീരുമാനമെന്ന് അഭിലാഷ് പറഞ്ഞു.
പോലീസിലാണ് അഭിലാഷിന്റെ പരാതി നല്‍കിയത്. തിരുവല്ല ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്ട്രേട്ട് കോടതിയില്‍ പരാതി നല്‍കിയിരുന്ന കൊച്ചി സ്വദേശി ബൈജു നോയല്‍ തിങ്കളാഴ്ച തിരുവല്ല ഡിവൈഎസ്പി മുമ്പാകെ മൊഴി നല്‍കിയിരുന്നു.
ബൈജുവും അഭിലാഷും ഉള്‍പ്പടെ ഒമ്പതു പേരാണ് വിവാദ പ്രസംഗത്തിനെതിരേ പരാതി നല്‍കിയിരുന്നത്. മറ്റുള്ളവരുടെ മൊഴികള്‍ വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുമെന്ന് ഡിവൈഎസ്പി പറഞ്ഞു.