തിരുവനന്തപുരം: നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.
ആരോപണം ഉന്നയിച്ച ശ്രീലേഖ മിത്ര പരാതി രേഖാമൂലം നൽകണമെന്നും. അങ്ങനെയെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.
രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ സംവിധായകനാണെന്നും ഊഹാപോഹത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കുറ്റം ചെയ്യാത്തയാളെ ക്രൂശിക്കാനാകുമോ? നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യുമെന്നും മന്ത്രി ചോദിച്ചു.
രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയത് രാഷ്ട്രീയ തീരുമാനമാണെന്നും ആ സ്ഥാനത്ത് നിലനിര്‍ത്തുമോയെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്, വേട്ടക്കാര്‍ക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രഞ്ജിത്തിനെതിരായ ആരോപണത്തില്‍ ഉറച്ച് നിൽക്കുകയാണ് നടി ശ്രീലേഖ. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ലെന്ന് ശ്രീലേഖ പറഞ്ഞു. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല.
ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.