തിരുവനന്തപുരം: പ്രസംഗത്തിനിടയിൽ ഭരണഘടന വിരുദ്ധ പരാമർശം നടത്തിയെന്ന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായി സൂചന.
സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചുവെന്ന കേസ് അവസാനിപ്പിക്കാൻ പോലീസ് തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയ സാഹചര്യത്തിലാണ് സജി ചെറിയാന്റെ മടങ്ങിവരവ് വീണ്ടും ചർച്ചയാകുന്നത്.
ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സിപിഎം സജി ചെറിയാനെ തിരിച്ചുകൊണ്ടുവരുന്ന കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് വിവരം.
സജി ചെറിയാന്റെ രാജി ധാർമിക ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും നിയമപരമായ പ്രശ്നത്തിലല്ല എന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.
അന്ന് പാർട്ടിയുടെ തീരുമാനം അങ്ങനെയായിരുന്നുവെന്നും പുതിയ സാഹചര്യത്തിൽ പാർട്ടി വിഷയം പരിശോധിക്കുമെന്നും ഇതുവരെ വിഷയം പാർട്ടി പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മല്ലപ്പള്ളിയില്‍ നടന്ന സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന് നടത്തിയ പ്രസംഗമാണ് വിവാദമായത്. 50 മിനിട്ട് 12 സെക്കൻഡാണ് സജി ചെറിയാൻ പ്രസംഗിച്ചത്.
ഇതിൽ രണ്ടുമിനിറ്റ് വരുന്നഭാഗത്താണ് ഭരണഘടനയെപ്പറ്റി പരാമർശം ഉണ്ടായത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
മനപ്പൂർവം ഭരണഘടനയെ അവഹേളിക്കാൻ സജിചെറിയാൻ ഉദ്ദേശിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ് പറയുന്നത്. ക്രിസ്മസിന് മുന്‍പ് മന്ത്രിസഭയിൽ സജി ചെറിയാന് തിരികെയെത്തുമാണ് സൂചന.
സജി ചെറിയാൻ രാജിവെച്ച ഒഴിവില്‍ പകരക്കാരനെ വെയ്ക്കാതെ തിരിച്ചുവരവിനുള്ള സാഹചര്യം അന്ന് സിപിഎം നേതൃത്വം ഒരുക്കിയിരുന്നു.