തിരുവനന്തപുരം: വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം. പ്രസംഗത്തില്‍ ആരുടേയും പേര് പരാമര്‍ശിക്കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ സി.എസ്. ഹരി പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് പോലീസ് നിയമോപദേശം തേടിയത്.
സജി ചെറിയാൻ അധിക്ഷേപിച്ചെന്നു ചൂണ്ടിക്കാട്ടി ദത്തു കേസിലെ പരാതിക്കാരിയായ അനുപമയാണ് പോലീസിൽ പരാതി നൽകിയത്. വ്യക്തിഹത്യ നടത്തിയെന്നു ചൂണ്ടിക്കാട്ടി പേരൂർക്കട പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. പത്രവാർത്ത അടക്കം അനുപമ പോലീസ് സ്റ്റേഷനിൽ നൽകിയിട്ടുണ്ട്.
“കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികളുണ്ടാകുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞ് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. അതു ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോകുക” – എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
സ്ത്രീമുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പു നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാമ്പസിൽ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മന്ത്രിയുടെ പരാമർശം.