ചെങ്ങന്നൂർ: ശക്തമായ മഴയും ഡാമുകൾ തുറന്നു വിട്ടതുമൂലവും ചെങ്ങന്നൂർ മുങ്ങി. പാണ്ടനാട്, മുളക്കുഴ പഞ്ചായത്തുകളിൽ വെള്ളത്തിന്റെ അളവ് കൂടുതലാണ്. പുത്തൻകാവിൽ നിന്നും ആറന്മുളയ്ക്കുള്ള ഗതാഗതം നിലച്ചു. മംഗലം, ഇടനാട്, മുണ്ടൻകാവ്, കോട്ടയാട്ടുകര, പാണ്ടനാട് മുതവഴി ഭാഗങ്ങളിലെ മുഴുവൻ വീടുകളിലും വെള്ളം കയറി. വീടുകളുടെ ഒന്നാം നിലയിൽ വെള്ളം കയറിയതിനാൽ ചിലർ ടെറസുകളിലും ചിലർ രണ്ടാം നിലയിലും കുടുങ്ങിയിരിക്കുകയാണ്.
അവശ്യത്തിന് ബോട്ടുകൾ ഇല്ലാത്തത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിലുള്ള ബോട്ടുകൾക്ക് ശക്തമായ ഒഴുക്ക് കാരണം പല സ്ഥലങ്ങളിലും ചെന്ന് എത്താൻ സാധിക്കുന്നില്ല. വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ എന്നിവർ പല സ്ഥലങ്ങളിലും വീടുകളിൽ കുടുങ്ങി കിടക്കുകയാണ്.
രക്ഷാ പ്രവർത്തനത്തിനിടെ സജി ചെറിയാൻ എംഎൽഎയുടെ കാറ് ഒലിച്ചുപേയി. ഇതുവരെ കണ്ടെത്താനായിട്ടില്ല. രണ്ടു ബോട്ടുകളും രക്ഷാപ്രവർത്തനത്തിനിടെ തകരാറിലായി. പന്പ, അച്ചൻകോവിൽ നദികളുടെ തീരത്ത് താമസിക്കുന്നവർ ആശങ്കയിലാണ്. അതിവേഗമാണ് വെള്ളം കയറി വരുന്നത്.
മുളക്കുഴയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ വൃദ്ധൻ രക്ഷാ പ്രവർത്തകർ എത്തുന്നതിന് മുൻപ് മരണമടഞ്ഞു. വീട്ടിലുണ്ടായിരുന്ന വയോധികയെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.മുളക്കുഴയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
ഉൗരിക്കടവ് മുതൽ വിലേജ് ഓഫീസ് ജംഗ്ഷൻ വരെ കനത്ത വെള്ളക്കെട്ടാണ്. പെട്രോൾ പന്പ്, കൃഷിഭവൻ, വിലേജ് ഓഫീസ് എന്നിവ വെള്ളത്തിലായി. വൈദ്യുതി വിതരണവും താറുമാറായി