ചെങ്ങന്നൂർ: സമീപ മണ്ഡലങ്ങളേക്കാൾ വികസനത്തിൽ പിന്നോക്കം നിൽക്കുന്ന ചെങ്ങന്നരിൽ ഇനി വികസനമെത്തിക്കുക എന്ന ലക്ഷ്യത്തിനായി നിയുക്ത എംഎൽഎ സജി ചെറിയാൻ പ്രയത്നിക്കേണ്ടി വരും.അന്തരിച്ച കെകെമരാമചന്ദ്രൻ നായരുടെ വികസന സ്വപ്നങ്ങൾക്ക് തുടർച്ചയേകുവാൻ ഒരു വോട്ട് എന്നതായിരുന്നു എൽഡിഎഫ് പ്രധാനമായും മണ്ഡലത്തിൽ പ്രചാരണത്തിനായി ഉപയോഗിച്ചത്.
ഇടവേളകളില്ലാത്ത വികസനത്തിന് സജി ചെറിയാനെ വിജയിപ്പിക്കണമെന്ന എൽഡിഎഫിന്റയും സ്ഥാനാർഥിയുടെയും അഭ്യർഥന ചെങ്ങന്നൂർ നിവാസികൾ ഏറ്റെടുത്തുവെന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. അതിനാൽ തന്നെ മൂന്ന് വർഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും ജനവിധി തേടണമെങ്കിൽ വികസന കാര്യങ്ങളിൽ ഏറെ ശ്രദ്ധയോടെ എൽഡിഎഫിന് മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ജനങ്ങൾക്ക് മുന്പിൽ നിരവധി വികസന കാര്യങ്ങൾ നിരത്തിയാണ് സജി ചെറിയാൻ വോട്ട് നേടിയത്.
മാന്നാർ മുതൽ വെണ്മണി വരെയുള്ള പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പലാറ്റിയിലും നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ അക്കമിട്ട് നിരത്തിയാണ് പ്രചാരണം നടത്തിയത്. മാന്നാറിലെ ഗതാഗതക്കുരിക്കിന് ശാശ്വത പരിഹാരം കാണുന്നതിന് ഒരു ബൈപാസ് നിർമിക്കുകയും മാന്നാർ ടൗണിലും സ്റ്റോർ ജംഗ്ഷനിലും സിഗ്നൽ ലൈറ്റും സ്ഥാപിക്കും എന്നതായിരുന്നു ഒരു വാഗ്ദാനം.
കൂടാതെ മാന്നാറിലെ പരന്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുവാൻ നടപടിയും, മാന്നാർ പൈതൃക ഗ്രാമപദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഇത്തരത്തിൽ ഒരോ ഗ്രാമപഞ്ചായത്തിലും വൻ വികസന വാഗ്ദാനങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയിരുന്നത്. കാർഷിക മേഖയുടെ സമഗ്രവികസനത്തിനായി പദ്ധതികൾ കൊണ്ടുവരും.
എള്ള്, കരിന്പ് കൃഷി പ്രത്സാഹിപ്പിക്കുവാൻ നടപടികൾ, കായിക താരങ്ങളെ വളർത്തിയെടുക്കുവാൻ അന്താരാഷ്ട്ര നിലവാരത്തിൽ സ്റ്റേഡിയം നിർമിക്കും, പുതിയ തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ പദ്ധതി തയ്യാറാക്കും തുടങ്ങി നിരവധി കാര്യങ്ങളാണ് വികസനവുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്നത്.
മൂന്ന് വർഷം കൊണ്ട് 1000 കോടി രൂപയുടെങ്കിലും വികസനം ചെങ്ങന്നൂരിൽ എത്തിക്കുമെന്നാണ് പൊതുവെ ഉണ്ടായ പ്രചാരണം. ഇത്തരം കാര്യങ്ങളിൽ കുറെയെങ്കിലും പ്രബല്യത്തിൽ വരുത്തുവാൻ സജി ചെറിയാന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. ഇപ്പോൾ നിർമാണം നടന്ന് വരുന്ന പാലങ്ങളുടെയും റോഡുകളുടെയും നിർമാണം ത്വരിതപ്പെടുത്തുവാനും യത്നിക്കേണ്ടി വരും. എന്നാൽ ആരോഗ്യവും ജനങ്ങളുടെ പിന്തുണയുമുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഏറെ ബുദ്ധിമുട്ട് സഹിച്ചും നടപ്പിലാക്കുവാൻ ശ്രമിക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.