ചെങ്ങന്നൂർ: കോണ്ഗ്രസ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബിജെപിക്ക് കീഴ്പ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ. കോണ്ഗ്രസ് എവിടെ ക്ഷീണിക്കുന്നോ അവിടെ ബിജെപിയാണ് വിജയിക്കുന്നത്. ത്രിപുരയിൽ നടന്നത് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിപുരയിൽ ഇടതുപക്ഷ വോട്ടുകൾ കുറഞ്ഞിട്ടില്ല. സാധാരണ ജനങ്ങൾ ഇന്നും സിപിഎമ്മിന് ഒപ്പമാണ്. ആസന്നമായ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്നും എന്തുകൊണ്ടാണ് വിഷ്ണുനാഥ് പി·ാറിയതെന്നും എന്തുകൊണ്ട് ഇലക്ഷൻ പ്രവർത്തനത്തിന് കോണ്ഗ്രസ് ഇറങ്ങുന്നില്ലായെന്നതു സംബന്ധിച്ചും ജനങ്ങൾക്ക് ഒരു പാട് സംശയങ്ങൾ ഉണ്ട്. ഇവിടെയും ബിജെപിയുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയിട്ടുണ്ടോ എന്നു പോലും സംശയിക്കുന്നവരുണ്ട്.
കോണ്ഗ്രസിന്റെ മതേതരത്വം പാടെ തകർന്നുവെന്നും സജി ചെറിയാൻ കുറ്റപ്പെടുത്തി. കെ.കെ.രാമചന്ദ്രൻ നായർ എംഎൽഎയുടെ വേർപാട് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ അനുശോചന യോഗത്തിൽ ആരെങ്കിലും കൈ അടിക്കുമോ. ബി ജെപി നേതാവ് ശ്രീധരൻപിള്ള ഇങ്ങനെ ഒരു അരോപണം ഉന്നയിക്കുമെന്ന് വിശ്വസിക്കുന്നില്ല.
കെ.കെ.ആറിനോടുള്ള ആദരവ് പ്രകടമാക്കിയത് എങ്ങനെയെന്ന് എല്ലാവരും കണ്ടതാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗമാണ് ഇപ്പോൾ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ വികസന കാര്യത്തിൽ സമാനതകളില്ലാത്ത മുന്നേറ്റമാണ് കെ.കെ.ആർ നൽകിയത്.
വീടില്ലാത്തവർക്ക് വീട്, 200 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി, 16 ഓളം പാലങ്ങളുടെ നിർമാണം, അറ്റകുറ്റ പണി, ജില്ലാ ആശുപത്രി വികസനം, സ്കൂളുകളുടെ വികസനം എന്നിങ്ങനെ 750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണവ. ജനങ്ങൾ അഞ്ചു വർഷത്തെ കാലാവധിയാണ് എൽഡിഎഫിനു നൽകിയത്.
കാലാവധി പൂർത്തിയാക്കാൻ ചെങ്ങന്നൂരിലെ പ്രബുദ്ധരായ ജനങ്ങൾ മുന്നണിയെ പിൻതുണയ്ക്കും. അങ്ങനെ എൽഡിഎഫിന് തിളക്കമാർന്ന വിജയം തന്നെ ചെങ്ങന്നൂരിൽ നേടിയെടുക്കാൻ കഴിയും. ബൂത്ത് തല പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ക്യാന്പയിൻ ആരംഭിച്ചതായും സജി ചെറിയാൻ പറഞ്ഞു.