പത്തനംതിട്ട: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ചു വിവാദപ്രസംഗം നടത്തിയ മുന്‍മന്ത്രി സജി ചെറിയാന് എംഎല്‍എയ്ക്കെതിരേ പോലീസ് കേസെടുത്തു.
മല്ലപ്പള്ളി കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെയാണ് എംഎൽഎയ്ക്കെതിരേ പൊതുസ്ഥലത്തു രാജ്യത്തെ ഭരണഘടനയെ അപമാനിച്ചുവെന്നതിന്റെ പേരില്‍ സിആര്‍പിസി വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
1971ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ നിയമത്തിലെ രണ്ടാമത്തെ വകുപ്പു പ്രകാരമാണ് (ദേശീയ മഹിമയെ അപമാനിക്കൽ) കേസ്.
സജി ചെറിയാനെതിരേ കേസെടുക്കാന്‍ തിരുവല്ല ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ബുധനാഴ്ച പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ വിശദമായ അന്വേഷണത്തിനു ശേഷമേ അറസ്റ്റ് നടപടികളിലേക്കു കടക്കാനിടയുള്ളൂ.
പരമാവധി മൂന്നുവര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ ലഭിക്കുന്നത്. കോടതി ഉത്തരവുള്ളതിനാല്‍ നടപടിക്രമങ്ങള്‍ കൃത്യമായി കൈമാറേണ്ടതുമുണ്ട്.
ഗവണ്മെന്റ് പ്ലീഡര്മാരുടെകൂടി നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടികള്‍ മുന്നോട്ടു പോകുന്നതെന്ന് അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ടി. രാജപ്പൻ റാവുത്തർ പറഞ്ഞു.