കായംകുളം: കേരളത്തില്‍ ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് സാംസ്കാരിക ഫിഷറീസ് മന്ത്രി സജി ചെറിയാന്. സിപിഎം മുതുകുളം ലോക്കല്‍ കമ്മിറ്റി മുന്‍ ദേശീയ ഗുസ്തിതാരം കൃഷ്ണപ്രിയയ്ക്ക് ബഹുജന പങ്കാളിത്തത്തോടെ നിര്‍മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍കൈമാറ്റം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭവനരഹിതരുടെ എണ്ണം ആദ്യത്തെ സര്‍വേയില്‍ ഏഴുലക്ഷമായിരുന്നു. ലൈഫ് മിഷന് വഴിയും പട്ടികജാതി വകുപ്പിന്റെയും ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതി വഴിയും അഞ്ചുലക്ഷത്തോളം വീടുകള്‍ സര്‍ക്കാര്‍ നിര്‍മിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്നതുകൂടാതെ സന്നദ്ധ സംഘടനകള്‍ ആയിരക്കണക്കിന് വീടുകള്‍ നിര്‍മിച്ചു നല്കി.
രണ്ടാം പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം എടുത്ത കണക്ക് പ്രകാരം വാസയോഗ്യമായ വിടുകള്‍ ഏഴുലക്ഷത്തോളം വേണം. ഈ സര്‍ക്കാര്‍ ഒരു ലക്ഷം വീട് ടാര്ജെറ്റിട്ട് നിര്‍മാണം നടത്തിവരുന്നു. കൂടാതെ നിരവധി ഫ്ളാറ്റുകളുടെയും നിര്‍മാണം നടക്കുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇതിനുവേണ്ടിയുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ്.
കേരളത്തില്‍ അവശേഷിക്കുന്ന ഭവനരഹിതരെക്കൂടി കണ്ടെത്തി വീട് നല്കാന് കഴിയണം. അത്തരം ഘട്ടത്തിലാണ് സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. 2500 വീടുകളാണ് സിപിഎം നിര്‍മിച്ചു നല്‍കുന്നത്. അതില്‍ 2300 വീടുകള്‍ നിര്‍മിച്ചു കഴിഞ്ഞു.
വയനാട്ടില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഭവനരഹിതരായവര്‍ക്കായി ടൗണ്‍ഷിപ്പുതന്നെ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടന്നും മന്ത്രി പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.സുരേന്ദ്രന് അധ്യക്ഷതവഹിച്ചു. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ സിപി എം ജില്ലാ സെക്രട്ടറി ആര്. നാസര്‍ ആദരിച്ചു.