ഡൊമനിക് ജോസഫ്
മാന്നാർ: സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നത് ആഘോഷമാക്കുവാൻ തയാറെടുക്കുകയാണ് ചെങ്ങന്നൂർ. നാലിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്ത എത്തിയതോടെയാണ് ചെങ്ങന്നൂർ മണ്ഡലം ഉണർന്നു കഴിഞ്ഞു.
സത്യപ്രതിജ്ഞാ ദിനത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലാകെ മധുര പലഹാരങ്ങൾ വിതരണം ചെയ്യുവാനും ആഹ്ലാദപ്രകടനങ്ങൾ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
സജി ചെറിയാനിലൂടെ ചെങ്ങന്നൂർ മണ്ഡലത്തിന് ആദ്യമായി ലഭിച്ച മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മനോവിഷമത്തിലായിരുന്ന ജനങ്ങൾ ഇപ്പോൾ ആഹ്ലാദത്തിലാണ്.
സംസ്ഥാനത്തിനുതന്നെ മാതൃകയായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ സജി ചെറിയാന് രാഷ്ട്രീയത്തിലുപരിയായി ഒരു ജനകീയബന്ധം മണ്ഡലത്തിലാകമാനം ഉണ്ടാക്കിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
പുതുവത്സരത്തലേന്നെത്തിയ സന്തോഷവാർത്ത മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് മണ്ഡലത്തിന്റെ പ്രതീക്ഷ.
ഫിഷറീസ്- സാംസ്കാരിക വകുപ്പുകൾതന്നെ സജി ചെറിയാന് ലഭിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജൂലൈ മൂന്നിന് മല്ലപ്പള്ളിയിൽ നടന്ന ഒരു സിപിഎം പൊതുയോഗത്തിലാണ് സജി വിവാദ പ്രസംഗം നടത്തിയത്.
ഇത് വലിയ വാർത്തയാകുകയും പ്രതിപക്ഷം ഏറ്റെടുക്കുകയും ചെയ്തതോടെ രാജിയല്ലാതെ മറ്റ് പോംവഴിയുണ്ടായില്ല. ജൂലൈ ആറിന് രാജിവച്ച് ചെങ്ങന്നൂരിൽ എത്തിയ സജി ചെറിയാണ് വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്.