സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന പരാതിയെ തുടർന്നു രാജിവച്ച സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഇന്നു നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് അനുമതി നല്‍കിയത്.
182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാന് പിണറായി മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത് ഭരണഘടനയെ അവഹേളിച്ചതുമായി ബന്ധപ്പെട്ടു കോടതിയിൽ നിലവിലുള്ള കേസിലോ ഭാവിയിൽ വരാൻ സാധ്യതയുള്ള കേസുകളിലോ തിരിച്ചടിയുണ്ടായാൽ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനും ആയിരിക്കുമെന്ന മുന്നറിയിപ്പോടെയാണ് സത്യപ്രതിജ്ഞയ്ക്കു ഗവർണർ അനുമതി നൽകിയത്.
അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവർണറുടെ നടപടി. നേരത്തെ ചുമതല വഹിച്ചിരുന്ന ഫിഷറീസ് ,സാംസ്കാരികം ,സിനിമ , യുവജനക്ഷേമ വകുപ്പുകളായിരിക്കും സജി ചെറിയാന് ലഭിക്കുകയെന്നാണ് സൂചന.
ഇതിൽ ഫിഷറീസ് വി. അബ്ദുറഹ്മാനും സാംസ്കാരികം വി.എൻ. വാസവനും യുവജനക്ഷേമം മുഹമ്മദ് റിയാസിനുമാണു നൽകിയിരുന്നത്.
നേരത്തെയുണ്ടായിരുന്ന പഴ്സണൽ സ്റ്റാഫ് അംഗങ്ങളെ മറ്റു മന്ത്രിമാരുടെ സ്റ്റാഫിലേക്ക് പുനർവിന്യസിച്ചിരുന്നു. ഇവരെ തിരിച്ചു വിളിക്കാനാണു സാധ്യത.
അതേസമയം സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങു പ്രതിപക്ഷം ബഹിഷ്കരിക്കും. സജി ചെറിയാൻ രാജിവയ്ക്കാൻ ഇടയായത് ഭരണഘടനയെ ഇടിച്ച് താഴ്ത്തിയുള്ള പ്രസംഗമാണ്.
ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നതിനാലാണ് ബഹിഷ്കരണം എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.കോൺഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നുണ്ട്.
ഡിസിസി, ബ്ലോക്, മണ്ഡലം തലത്തില്‍ കറുത്ത കൊടികള്‍ ഉയര്‍ത്തിയും ബാഡ്ജ് ധരിച്ചും പ്രതിഷേധിക്കാനാണ് കെപിസിസിയുടെ ആഹ്വാനം.
അതേസമയം സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ച് നടത്തിയ വിവാദ പ്രസംഗത്തിൽകേസിലെ പരാതിക്കാരനായ കൊച്ചി സ്വദേശിയായ അഭിഭാഷകൻ തിരുവല്ല കോടതിയിൽ നൽകിയ തടസ ഹർജി കോടതി ഇന്ന് പരിഗണിക്കും.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകും വരെ സജി ചെറിയാനെതിരെ തിരുവല്ല കോടതിയിൽ നൽകിയ ഹർജി തള്ളരുതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ ഹർജി നൽകിയിരിക്കുന്നത്.