തിരുവല്ല: മുന്‍മന്ത്രി സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയതായി പറയുന്ന പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി പോലീസ് ഇന്നുതന്നെ കോടതിയെ സമീപിക്കും.
മുന്‍മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിക്കുന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്ന പേരിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് സാധുതയില്ലെന്ന് സർക്കാര്‍ അഭിഭാഷകരുടെ നിയമോപദേശവും പോലീസിനു ലഭിച്ചിരുന്നു.
കേസ് അവസാനിപ്പിച്ച് സജി ചെറിയാനെ തിരികെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കം സിപിഎം തലത്തില്‍ ആരംഭിച്ചതിനു പിന്നാലെയാണ് പോലീസും നടപടിക്രമങ്ങള്‍ സജീവമാക്കിയതെന്ന് അറിയുന്നു.
കേസ് അവസാനിപ്പിക്കാന്‍ കോടതി അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.എറണാകുളം സ്വദേശിയായ അഭിഭാഷകന് ബൈജു നോയല്‍ തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കീഴ് വായ്പുര് പോലീസ് സജി ചെറിയാനെതിരേ കേസെടുത്തത്.
സെടുക്കാന്‍ കോടതി നിര്‍ദേശിച്ചതോടെ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവച്ചു.മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി കഴിഞ്ഞ കഴിഞ്ഞ ജൂലൈ മൂന്നിനു സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തു മന്ത്രിയായിരുന്ന സജി ചെറിയാന് ഭരണഘടനയെ അധിക്ഷേപിച്ചു സംസാരിച്ചുവെന്നായിരുന്നു പരാതി.
പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടര്‍ന്ന് ജൂലൈ ഏഴിനു വിഷയം കോടതിയിലെത്തുകയും അടിയന്തരമായി കേസെടുത്ത് അന്വേഷണം നടത്താന്‍ തിരുവല്ല ഡിവൈഎസ്പിക്ക് മജിസ്ട്രേറ്റ് രേഷ്മ ശശിധരന് നിര്‍ദേശം നല്‍കുകയുമായിരുന്നു.
ഇതനുസരിച്ച് കീഴ് വായ്പുര് പോലീസില്‍ എഫ്ഐആറിട്ട് കേസെടുത്ത് അന്വേഷണം നടത്തി.പരിപാടിയുടെ വീഡിയോ പോലീസ് സിപിഎം നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും കൈവശമില്ലെന്ന മറുപടിയാണ് നല്‍കിയത്.
യോഗത്തിലുണ്ടായിരുന്ന എംഎല്‍എമാരുടെയും സിപിഎം നേതാക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസില്‍ മൊഴി നല്കിയ കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം.പുതുശേരി പ്രസംഗത്തിന്റെ സിഡി ഹാജരാക്കിയെങ്കിലും ഇത് പൂര്‍ണമല്ലെന്നായിരുന്നു പോലീസ് നിലപാട്.