സാബു ജോണ്‍
തിരുവനന്തപുരം: ഒന്നാം വാർഷികത്തിനു പിന്നാലെ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വിക്കറ്റ് വീണു. വിവാദങ്ങളിൽ നിന്നു വിവാദങ്ങളിലേക്കു സർക്കാരും മുന്നണിയും ചെന്നു ചാടുന്പോഴും അതിലൊന്നും പെടാതെ നിന്നിരുന്ന സജി ചെറിയാനാണ് തികച്ചും അപ്രതീക്ഷിതമായി മന്ത്രിസഭയിൽനിന്നു പുറത്തേക്കു പോകുന്നത്.
സ്വന്തം നാവാണു സജി ചെറിയാനു വിനയായത്. ഓണാട്ടുകര പ്രയോഗമെന്നൊക്കെ ന്യായം പറഞ്ഞുനോക്കിയെങ്കിലും പിടിച്ചുനിൽക്കാൻ പറ്റില്ലെന്നു ബോധ്യമായതോടെ രാജി തീരുമാനത്തിലേക്കു പാർട്ടിയും മന്ത്രിയും നീങ്ങുകയായിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തിൽ നിൽക്കുന്ന പ്രതിപക്ഷത്തിനും ആഹ്ളാദിക്കാൻ വക നൽകുന്നതാണീ രാജി.രണ്ടാം പിണറായി സർക്കാരിനു തുടക്കം മുതൽ വിവാദങ്ങൾ കൂടെപ്പിറപ്പാണ്.
സർക്കാർ അധികാരമേറ്റ് അധികം വൈകാതെയാണ് മുട്ടിൽ മരംമുറി വിവാദം ഉണ്ടാകുന്നത്. പിന്നാലെ മുല്ലപ്പെരിയാറിലെ മരം മുറി വിവാദം, കിറ്റെക്സുമായി ബന്ധപ്പെട്ട വിവാദം, സിൽവർലൈൻ പദ്ധതിയുടെ പേരിലുള്ള വിവാദവും പ്രക്ഷോഭവുമെല്ലാം ഈ ഒരു വർഷത്തിനിടയിലുണ്ടായതാണ്.
ഇതിനെല്ലാം ശേഷമാണ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് രഹസ്യമൊഴി നൽകുന്നതും മാധ്യമങ്ങൾക്കു മുന്‍പാകെ അതു പരസ്യപ്പെടുത്തുന്നതും.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യക്കും മകൾക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന ഉയർത്തിയത്. ഇതേത്തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിപക്ഷം പ്രതിഷേധം ഉയർത്തി.
സ്വപ്ന രഹസ്യമൊഴി പുറത്തുവിട്ടതിന്റെ തൊട്ടുപിന്നാലെ സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ട സരിത്തിനെ പോലീസ് ബലമായി പിടിച്ചു കൊണ്ടു പോയതും ഷാജ്കിരണ്‍ എന്ന ഇടനിലക്കാരന്റെയും വിജിലൻസ് മേധാവി എം.ആർ. അജിത്കുമാറിന്റെയും ഇടപെടലുകളുമെല്ലാം സർക്കാരിനെ സംശയനിഴലിലാക്കുന്നതായിരുന്നു.
സ്വപ്നയ്ക്കും പി.സി. ജോർജിനുമെതിരേ ഗൂഢാലോചനാക്കുറ്റം ആരോപിച്ചു മുൻമന്ത്രി കെ.ടി. ജലീൽ പോലീസിൽ പരാതി നൽകി. ഈ കേസ് അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള വന്പൻ പോലീസ് സംഘത്തെ നിയോഗിച്ചു.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതോടെ സംസ്ഥാന വ്യാപകമായി സിപിഎം അണികളും നിരത്തിലിറങ്ങി. പലേടത്തും തെരുവുയുദ്ധ പ്രതീതിയായി.
ഇതിനിടെയാണ് കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിനുനേരേ എസ്എഫ്ഐ അക്രമമുണ്ടായത്. ഇതിന്റെ പേരിലും പാർട്ടി ഓഫീസുകൾക്കുനേരേ വ്യാപക ആക്രമണങ്ങളുണ്ടായി. നഷ്ടം കൂടുതലും കോണ്‍ഗ്രസിനായിരുന്നു.
പിന്നാലെ എകെജി സെന്ററിനു നേരേ സ്ഫോടകവസ്തു പ്രയോഗം. പിന്നിൽ കോണ്‍ഗ്രസുകാരെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ ആരോപിച്ചു.
സംസ്ഥാന വ്യാപകമായി സിപിഎം പ്രവർത്തകരുടെ പ്രതിഷേധമുയർന്നു. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ചുള്ള നാടകമെന്നു കോണ്‍ഗ്രസും യുഡിഎഫും ആരോപിച്ചു.
കേസിൽ ഇനിയും ആരെയും പിടികൂടാൻ സാധിക്കാത്തത് പോലീസിനു നാണക്കേടായി, ഒപ്പം സർക്കാരിനെ സംശയനിഴലിലുമാക്കി.