കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്മാന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച സജി മഞ്ഞക്കടമ്പില്‍ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും.
നാളെ രാവിലെ 10.30നു കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നേതൃയോഗം വിളിച്ചുചേര്‍ത്താണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ തരത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും നടന്നുവരികയാണ്.
തെരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടു ചെയ്യണമെന്നുമുള്ള കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തന്റെ നിലപാടുകളുമായി യോജിപ്പുള്ള ആളുകള്‍ സമ്മേളനത്തിലുണ്ടാകും. കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനോ വിഭാഗീയത സൃഷ്ടിക്കാനോ അല്ല നേതൃയോഗമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
രാജിക്കുശേഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ആളുകള്‍ വിളിക്കുകയും അനുകൂലമായി സംസാരിക്കുകയും പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സജി മഞ്ഞക്കടമ്പിലിനു പിന്നാലെ കേരള കോണ്‍ഗ്രസില്‍നിന്നു രാജിവച്ച പ്രസാദ് ഉരുളികുന്നവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.