കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍.
ചവറ തെക്കുംഭാഗം സജിഭവനം സജിക്കുട്ടൻ (34) ആണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് അറസ്റ്റ്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു സംഭവം.
അബോധാവസ്ഥയിലായ കോവിഡ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിന് ഇടയിലാണ് രോഗിയുടെ ബന്ധുവായ യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.
തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്തിന്റെ ഗൃഹവാസ പരിചരണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്ന വീട്ടമ്മ അബോധാവസ്ഥയിലായതോടെ ആംബുലൻസിൽ ശങ്കരമംഗലത്തെ ചികിത്സാകേന്ദ്രത്തിലേക്കു മാറ്റുമ്പോഴായിരുന്നു സംഭവം.
പഞ്ചായത്തിനു വേണ്ടി കരാറടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന തെക്കുംഭാഗത്തെ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസായിരുന്നു ഇത്.
ആശുപത്രിയിൽ സഹായിയായി നിൽക്കാൻ സ്ത്രീകളാരെങ്കിലും വേണമെന്നു സജിക്കുട്ടൻ പറഞ്ഞതനുസരിച്ചാണ് യുവതി കൂടി ആംബുലൻസിൽ കയറിയത്.
കൈയുറ എടുക്കുന്നതിനായി യാത്രയ്ക്കിടെ തെക്കുംഭാഗം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കയറിയ ഇയാൾ തിരികെയെത്തി യുവതിയെ കടന്നുപിടിച്ചു.
ഈ സമയം അതുവഴി മറ്റൊരു വാഹനം കടന്നുപോയതോടെ പീഡനശ്രമം ഉപേക്ഷിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചു.
പിറ്റേന്നു കോവിഡ് രോഗി മരിച്ചു. കഴിഞ്ഞ ദിവസമാണു യുവതി സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് കേസെടുത്തത്.