തുടക്കത്തിലെ ഒരു മൂന്നുദിവസം ആകെയൊരു മരവിപ്പായിരുന്നു. നമ്മളീ കിളിപോയി എന്നൊക്കെ പറയില്ലേ, അതുപോലെ- സ്റ്റാൻഡ് അപ് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂർ ലോക്ക് ഡൗണിനെ വിശേഷിപ്പിക്കുന്നതിങ്ങനെ. പോയ റിലേയെ കഷ്ടപ്പെട്ടു വീണ്ടെടുത്ത് സെറ്റായി വീട്ടിലിരിക്കുകയാണ് സജീഷ് ഇപ്പോൾ.
വെറുതെയിരിക്കുന്നവന്റെ മനസ് പിശാചിന്റെ ആലയമാണ് എന്നൊരു പഴമൊഴിയുണ്ടല്ലോ, അത് യാഥാർഥ്യമാണെന്ന് ഇപ്പോഴാണ് മനസിലായത്. വാട്ട്സ്ആപ്പിലൊക്കെ നിരന്തരം ഇരുന്ന് കൊറോണയെക്കുറിച്ച് വായിച്ചപ്പോൾ ആകപ്പാടെ ഭീതിയായി.
എന്തെങ്കിലും ചെയ്യാതെ ഇങ്ങനെയിരുന്നാൽ ശരിയാവില്ല എന്നുറപ്പായി. അമ്മയോടും ഭാര്യയോടും ചോദിച്ചു- എന്തെങ്കിലും പണി ചെയ്യാനുണ്ടോ? കുറച്ചു വാഴയൊക്കെ ഒന്നു മാറ്റിവച്ച് മണ്ണിടുന്ന പണിയുണ്ടെന്നു മറുപടി കിട്ടി.
നമുക്കാണെങ്കിൽ ആകെ സ്റ്റേജിലെ മൈക്ക് സ്റ്റാൻഡ് മാറ്റിവച്ചുള്ള പരിചയമേയുള്ളൂ. എന്നാലും ഒരു കുഴിയൊക്കെ കുത്തി, കുറച്ചു വിയർത്ത് വാഴ മാറ്റിവച്ചു. പിന്നെ കുറച്ചു വിറകുകീറി. അപ്പോഴും കുറച്ചു വിയർത്തു. എന്തോ വലിയ കാര്യം ചെയ്തപോലെ മനസിന് ഒരാശ്വാസമായി.
ഇത്തരം സമയങ്ങളിൽ പിന്നെ ചെയ്യേണ്ടേത് വായനയാണ്. വായിക്കാൻ വലിയ മൂഡൊന്നും ഇല്ലായിരുന്നു. എന്നാലും കുഞ്ചൻ നന്പ്യാരുടെ സന്പൂർണ കൃതികൾ ഒന്നുകൂടി മനസിരുത്തി വായിക്കാനുള്ള ശ്രമം തുടങ്ങി. മകന്റെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ കിട്ടുന്നു എന്നതാണ് ഒരു സന്തോഷം. ഏഴുവയസുകാരനായ മകന് ചെറിയ കരകൗശലങ്ങൾ ചെയ്തു കൊടുക്കലൊക്കെയുണ്ട്.
സ്റ്റേജിലെ വാചകമടിയാണ് ജീവിതോപാധിയെങ്കിലും വീട്ടിൽ അങ്ങനെ വലിയ തമാശപ്രയോഗമില്ല. ഏതാണ്ടൊരു ഡ്യുവൽ പേഴ്സണാലിറ്റി പോലെയാണ്. കുറച്ചൊരു അന്തർമുഖത്വമുള്ള, ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമൊക്കെയുള്ള ആളാണ് ഞാൻ.
ഇപ്പോൾ വിഷുവും ഈസ്റ്ററുമൊക്കെ കൊറോണ കൊണ്ടുപോയി. അടുത്തമാസം എട്ടിന് എട്ടാം വിവാഹവാർഷികമാണ്. അതിനും കിട്ടി എട്ടിന്റെ പണി! എന്തായാലും ജീവനും ആരോഗ്യവുമാണല്ലോ ഏറ്റവും വലിയ കാര്യം. അതുകൊണ്ട് ഭീഷണി ഒഴിയുന്നതുവരെ വീട്ടിലിരിക്കുക. – സജീഷ് കുട്ടനെല്ലൂർ പറയുന്നു.