കോട്ടയം: കോട്ടയത്തു യുഡിഎഫ് ജില്ലാ ചെയർമാൻസ്ഥാനം മോൻസ് ജോസഫ് എംഎൽഎയ്ക്കു നല്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച സജി മഞ്ഞക്കടന്പിൽ മലക്കംമറിഞ്ഞു.
കേരള കോണ്ഗ്രസ് ജോസഫ് വിഭാഗത്തിൽ ഭിന്നതയില്ലെന്നു സജി ഇന്നു രാവിലെ രാഷ്ട്രദീപികയോടു പറഞ്ഞു.
ജോസഫ് വിഭാഗത്തിലെ കോട്ടയം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടന്പിലിനെ തഴഞ്ഞാണ് ഇന്നലെ മോൻസ് ജോസഫ് എംഎൽഎയ്ക്കു യുഡിഎഫ് ചെയർമാൻ സ്ഥാനം നല്കിയത്.
മിക്ക ജില്ലകളിലും ജില്ലാ പ്രസഡന്റുമാർക്ക് കൺവീനർ, ചെയർമാൻ സ്ഥാനങ്ങൾ നൽകിയപ്പോൾ കോട്ടയത്തു മാത്രം അത് എംഎൽഎയ്ക്കു നൽകുക യായിരുന്നു.
ഇതോടെ സജി മഞ്ഞക്കടന്പിലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം അതൃപ്തിയിലാണെന്നും വാർത്തകൾ വന്നിരുന്നു. ഇന്നലെ പാലായിൽനടന്ന യോഗത്തിൽനിന്നു സജി വിട്ടുനിന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
എന്നാൽ, ഇത്തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും ഇന്നു നടക്കുന്ന യോഗത്തിൽ പി.ജെ. ജോസഫിനൊപ്പം താൻ പങ്കെടുക്കുമെന്നും സജി മഞ്ഞക്കടന്പിൽ രാഷ്ട്രദീപികയോടു പറഞ്ഞു.
തികച്ചും വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് താൻ ഇന്നലെ പാലായിൽ നടന്ന കേരള കോണ്ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സി.എഫ്. തോമസ് അനുസമരണ സമ്മേളനത്തിൽനിന്നു വിട്ടുനിന്നതെന്നും സജി പറഞ്ഞു.
അതേസമയം, അടിത്തട്ടുകളെ ശക്തിപ്പെടുത്തി ഒരുമിച്ചുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി കോൺഗ്രസ് മുന്നോട്ടുവച്ച ആവശ്യപ്രകാരമാണ് മുതിർന്ന നേതാവിനെ യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്കു കൊണ്ടുവന്നതെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം പറയുന്നത്.
ഇക്കാര്യം മുതിർന്ന നേതാക്കൾ സജിയെ ധരിപ്പിച്ചാണ് അനുനയിപ്പിച്ചതെന്നാണ് അറിയുന്നത്.