കോട്ടയം: സജി മഞ്ഞക്കടമ്പിലിന്റെ രാജിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പി.ജെ.ജോസഫിനെ നേരിട്ട് അതൃപ്തി അറിയിച്ചു.
പറഞ്ഞു തീര്‍ക്കാമായിരുന്ന പ്രശ്നം പാര്‍ട്ടി നേതൃത്വം വഷളാക്കിയെന്നാണ് വിമര്‍ശനം. സജി പാര്‍ട്ടി വിട്ട് പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കുന്നതില്‍ കേരള കോണഅ്ഗ്രസിന് വീഴ്ചയുണ്ടായി. മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കാതെ തന്നെ പ്രശ്നം പരിഹരിക്കാനും കോണ്‍ഗ്രസ് നിര്‍ദേശം നല്കി.
ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെ പത്രിക കൂടി തള്ളിയതോടെ മണ്ഡലത്തിൽ യുഡിഎഫിന് അനുകൂല സാഹചര്യമാണെന്നായിരുന്നു മുന്നണിയുടെ കണക്കുകൂട്ടൽ .ഇതിനിടെയാണ് അപ്രതീക്ഷിതമായി യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സജി മഞ്ഞക്കടന്പിൽ സ്ഥാനം രാജിവച്ചത്.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മോന്‍സ് ജോസഫ് എംഎല്‍എ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്ന പരാതി ഉന്നയിച്ചുകൊണ്ടായിരുന്നു രാജി. എന്നാൽ സജി ഉന്നയിച്ച പ്രശ്ങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും കേരള കോൺഗ്രസ് നേതൃത്വം ഇത് ഗൗരവമായെടുത്തില്ലെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.