ഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ലാ സെക്രട്ടറി സജിൻരാജ് (31) തിരുവനന്തപുരം ആറ്റിങ്ങലിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹതകളേറുന്നു. തീപ്പൊള്ളലേറ്റ് പോലീസ് സജിൻരാജിനെ കണ്ടെത്തിയ കടമുറിയുടെ മുൻഭാഗത്ത് മരണവെപ്രാളം കാട്ടിയതിന്റെ സൂചനകളൊന്നും കാണപ്പെടാത്തതാണ് ദുരൂഹത വർധിപ്പിക്കുന്നത്. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സജിൻരാജിന്റെ പിതാവ് രാജൻ ആറ്റിങ്ങൽ പോലീസിന് പരാതി നല്കിയിട്ടുണ്ട്.
ഇദ്ദേഹത്തെ കണ്ടെത്തിയ സ്ഥലത്ത് നേരിയതോതിൽ കരിപിടിച്ച ഭാഗങ്ങൾ മാത്രമാണ് മണ്ണിൽ കാണാനാകുന്നത്. അതേസമയം അരോഗദൃഢഗാത്രനായ സജിൻരാജ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണെങ്കിൽക്കൂടി മരണവെപ്രാളത്തിൽ നിലത്തു കിടന്നുരുളുകയും മുന്പോട്ട് ഓടി രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. പ്രധാന പാതയുടെ പത്തുമീറ്റർ ഉള്ളിലേയ്ക്കുമാറി മാത്രമാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മരണാസന്നനായി കിടന്ന ഇദ്ദേഹം രക്ഷപ്പെടാനായി ശ്രമം നടത്തിയതിനന്റേതായ ഒരു സൂചനകളും സംഭവസ്ഥലത്തില്ല. സജിൻരാജിന്റെ അച്ഛനും ബന്ധുക്കളും ഇക്കാര്യങ്ങൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രി ഒന്പതോടെ സജിൻരാജിന്റെ പിതാവും ബന്ധുക്കളും പോലീസുമൊത്ത് സ്ഥലം സന്ദർശിച്ചു. ചില ബ്ലേഡ് മാഫിയകൾക്ക് ഇതിൽ ബന്ധമുള്ളതായും അച്ഛൻ ആരോപിക്കുന്നു. ആത്മഹത്യ ചെയ്യാൻ ആയിരുന്നുവെങ്കിൽ തിരുവനന്തപുരം വരെ കാറിൽ ഏകനായി ഇദ്ദേഹത്തിന് വരേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഇദ്ദേഹം സഞ്ചരിച്ച കാറിൽ നിന്നും കണ്ടെടുത്ത ബ്രൗണ് നിറത്തിലുള്ള കവറിനു പുറത്ത് അന്പിളി എന്നെ പറ്റിച്ചു, മൂന്നു ലക്ഷം എന്നും മായന്നൂർ കാവ് ശിവക്ഷേത്രം എന്നും എഴുതിയിരുന്നു. പണത്തിന്റെ കണക്കുകളും കവറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് ടോൾ ബൂത്തുകളിൽ നിന്നുള്ള രസീതുകളും കണ്ടെടുത്തു.
ഇദ്ദേഹത്തിന്റെ മൊബൈലിൽ നിന്നു വിളികൾ വന്നതുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചുവരികയാണ്. ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച് സിസി ടിവി ദൃശ്യങ്ങളും ശേഖരിച്ചുവരുന്നു. സംഭവം കൊലപാതകമാണെന്ന പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി. ആറ്റിങ്ങൽ എ.എസ്.പി ആർ. ആദിത്യ, സി.ഐ എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. മൃതദേഹം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരം ആറുമണിയോടെ വീട്ടിലെത്തിച്ച് പാന്പാടി ഐവർമഠത്തിൽ സംസ്്കരിക്കും.