എരുമേലി: അപകടത്തിന്റെ വക്കിൽനിന്ന് ഒരു പോറൽ പോലുമില്ലാതെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച അഗ്നിശമന സേനയോടും നാട്ടുകാരോടും അകമഴിഞ്ഞ നന്ദി പറയുകയാണ് മണങ്ങല്ലൂർ പന്നഗത്തിങ്കൽ സജി (47).
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്തെ റംബുട്ടാൻ മരത്തിന്റെ ചില്ലകൾ വെട്ടിനീക്കാൻ കയറിയതായിരുന്നു സജി.
മരക്കൊമ്പുകൾ വെട്ടുന്നതിനിടെ കണ്ണുകളിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി. അതോടെ ബോധക്ഷയത്തിലേക്കെത്തി.
ബോധരഹിതനായി മയങ്ങുമ്പോഴും സജി മരത്തിൽ നിന്നു പിടിവിട്ടിരുന്നില്ല. താഴെ നിന്നവർ അലമുറയിട്ടതോടെ അയൽവാസികളും നാട്ടുകാരും ഓടിക്കൂടി.
രണ്ടുപേർ മരത്തിൽ കയറി ഒരു മുണ്ട് ഉപയോഗിച്ച് സജിയെ താഴെ വീഴാതിരിക്കാൻ മരത്തിൽ ചുറ്റിക്കെട്ടി.
ഇതിനിടെ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് അംഗങ്ങൾ വലയിൽ സജിയെ ഇരുത്തി താഴെയിറക്കി.
ഇതിനിടെ ഇടയ്ക്ക് സജിയുടെ ബോധം തെളിഞ്ഞെങ്കിലും വീണ്ടും ബോധരഹിതനായി. ഇതുമൂലം ഏറെ ശ്രമകരമായാണ് സജിയെ താഴെ എത്തിക്കാനായത്.
അവശ നിലയിലായിരുന്ന സജിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
സ്റ്റേഷൻ ഓഫീസർ ഓമനക്കുട്ടന്റെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സുദർശനൻ,
അനിൽകുമാർ ഫയർമാൻമാരായ ജോയ് ദാസ്, ഹരി കെ. സുകുമാർ, മഹേഷ് എം. നായർ, അനൂപ് വിജയൻ, അരവിന്ദ് , അനുരാജ് ,
വിനുകൃഷ്ണൻ, ഫയർമാൻ ഡ്രൈവർമാരായ ബിനു, പ്രവീൺ, ഹോം ഗാർഡ് ശ്രീകുമാരൻ നായർ എന്നിവർ പങ്കെടുത്തു.