കൽപ്പറ്റ: അന്പലവലൽ പോലീസ് സ്റ്റേഷനിലെ റസ്റ്റ്റൂമിൽ വനിതാ സിവിൽ പോലീസ് ഓഫീസർ മേപ്പാടി റിപ്പണ് പുതിയപാടി കൈലാസ് നിവാസിൽ രാജേന്ദ്രന്റെ ഭാര്യ കെ.പി. സജിനി(37)തൂങ്ങിമരിച്ച സംഭവത്തിൽ എത്തുംപിടിയും ഇല്ലാതെ വീട്ടുകാരും നാട്ടുകാരും.
കടുത്ത മാനസിക സംഘർഷമാണ് പോലീസുകാരിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ജില്ലാ പോലീസിലെ ഉന്നതരുടെ അനുമാനവുമായി പൊരുത്തപ്പെടാൻ സജിനിയുടെ വീട്ടുകാർക്കും നാട്ടുകാർക്കും കഴിയുന്നില്ല. സജിനി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് ഭർത്താവ് രാജേന്ദ്രൻ പറയുന്നത്.
സ്റ്റേഷനിലെ റസ്റ്റ്റൂമിൽ ഫാനിൽ കെട്ടിത്തൂങ്ങിമരിച്ച നിലയിലാണ് വെള്ളിയാഴ്ച രാവിലെ സജിനിയെ കണ്ടത്. പുലർച്ചെ നാലിനു സഹപ്രവർത്തകയ്ക്ക് പാറാവു ഡ്യൂട്ടി കൈമാറിയതിനുശേഷമാണ് സജിനി റസ്റ്റ്റൂമിലേക്ക് പോയത്. 6.45നാണ് സഹപ്രവർത്തകർ ഇവരെ ആത്മഹത്യ ചെയ്ത നിലയിൽ കാണുന്നത്. കാലുകൾ നിലത്തുമുട്ടുന്ന നിലയിലായിരുന്നു മൃതദേഹം. റസ്റ്റ്റും അകത്തുനിന്നു കുറ്റിയിട്ടിയിരുന്നില്ല. യൂണിഫോമിന്റെ ഭാഗമായ തൊപ്പി തലയിൽത്തന്നെ ഉണ്ടായിരുന്നു. ഇതെല്ലാം മരണത്തിൽ ദുരൂഹത ജനിപ്പിക്കുന്നതാണെന്ന് നാട്ടൂകാർ പറയുന്നു.
പതിവുപോലെ കഴിഞ്ഞ ദിവസം വീട്ടിൽനിന്നു ഡ്യൂട്ടിക്കുപോയ സജിനി സ്റ്റേഷനിൽ ചെന്നശേഷം ഭർത്താവിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. വർത്തമാനത്തിൽ ഒരപാകതയും ഉണ്ടായിരുന്നില്ല. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ സജിനി തിരികെയെത്തുമെന്ന് കരുതിയിരിക്കെയാണ് രാജേന്ദ്രനെ തേടി മരണവാർത്ത എത്തിയിയത്.
ജോലിഭാരം, മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റം എന്നിവ സംബന്ധിച്ച് സജിനി ഒരിക്കൽപോലും തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് രാജേന്ദ്രൻ പറയുന്നു. രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തിൽ കാര്യമായ പ്രശ്നങ്ങളും സമീപകാലത്ത് ഉണ്ടായിട്ടില്ല. സജിനിയെ ആത്മഹത്യക്കു പ്രേരിപ്പിച്ചത് പെട്ടെന്നുണ്ടായ എതോ സംഭവമാണെന്നാണ് രാജേന്ദ്രന്റെ സംശയം.
സജിനി ധരിച്ചിരുന്ന പാന്റ്സിന്റെ പോക്കറ്റിൽനിന്നു ലഭിച്ച കുറിപ്പിൽ ആത്മഹത്യക്കുള്ള കാരണങ്ങളെക്കുറിച്ചുള്ള സൂചനപോലും ഉണ്ടായിരുന്നില്ല.ജീവിതം മടുത്തുവെന്ന് അർത്ഥമാക്കുന്ന തരത്തിലുള്ള ഏതാനും വരികൾ മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. ഒരാളുടെ യും പേര് കുറിപ്പിൽ പരാമർശിച്ചിരുന്നില്ല.
സുൽത്താൻ ബത്തേരി സഹസിൽദാർ എം.ജെ. സണ്ണിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്തത്. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 10ന് സംസ്കരിച്ചു. കൽപ്പറ്റ ഡിവൈഎസ്പി കെ. മുഹമ്മദ്ഷാഫിക്കാണ് സജിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല.