തലശേരി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തലശേരിയിലെ മുസ്ലിംലീഗിൽ പൊട്ടിത്തെറി.
തലശേരിയിലെ ലീഗിൽ പുരുഷ മേധാവിത്വമാണെന്നും ഇഷ്ടപ്പെട്ട വനിതകൾക്ക് വനിതാ ലീഗിൽ ട്രിപ്പിൾ പ്രമോഷനാണ് നൽകുന്നതെന്നും വനിത ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയും നഗരസഭാ കൗൺസിൽ പ്രതിപക്ഷ നേതാവുമായിരുന്ന പി.പി. സാജിത ടീച്ചർ.
എന്നാൽ സാജിത ടീച്ചർ സമ്പന്ന ലോബിയുടെ കൈകളിലാണെന്നും സമ്പന്നന്റെ ബന്ധുവാണ് സൂക്ഷ്മ പരിശോധന വേളയിൽ ടീച്ചർക്ക് വേണ്ടി ഹാജരായതെന്നും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് രാഷ്ട്രദീപികയോട് പറഞ്ഞു.
പുരുഷ മേധാവിത്വം നിലനിൽക്കുന്ന തലശേരിയിൽ വനിതാ നേതാക്കളെ വരെ തീരുമാനിക്കുന്നത് പുരുഷ നേതാക്കളാണ്. ശാഖ, ടൗൺ, മണ്ഡലം കമ്മറ്റികളിലൂടെയാണ് നേതാക്കൾ വളർന്നു വരുന്നത്.
എന്നാൽ ജില്ലക്കാരി പോലുമല്ലാത്ത വനിതയെ വനിതാ നേതാക്കളോടു പോലും ആലോചിക്കാതെ മാനദണ്ഡങ്ങൾ മറികടന്ന് വനിതാ ലീഗിൽ ട്രിപ്പിൾ പ്രമോഷനാണ് നൽകിയതെന്നും സാജിദ ടീച്ചർ പറയുന്നു.
ലീഗിൽ ആരേയും വളരാൻ പുരുഷ നേതാക്കൾ അനുവദിക്കില്ല. താൻ മുസ്ലിംലീഗ് വിട്ടിട്ടില്ല. ഭാരവാഹിത്വം ഒഴിയുക മാത്രമാണ് ചെയ്തിട്ടുള്ളത്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് ശ്രമം.
തലശേരി ഗ്രീൻ വിംഗ്സ് എന്ന സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ തന്നെ ഓഫീസിൽ വിളിച്ചു വരുത്തി തന്റെ കയ്യിൽ നിന്നും മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഗ്രീൻ വിംഗ്സ് ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് ചെയ്യിച്ചുവെന്നും സാജിത ടീച്ചർ പറഞ്ഞു.
എന്നാൽ സാജിത പറയുന്നതെല്ലാം പച്ചക്കള്ളമെന്നും പാല് കൊടുത്ത കൈക്ക് തിരിച്ചുകൊത്തുന്ന നിലപാടാണ് സാജിതയുടേതെന്നും കെ.എ. ലത്തീഫ് പറഞ്ഞു.
നേരത്തെ ആറ് തവണ ഇവരെ മുസ്ലിംലീഗ് സീറ്റ് നൽകി മത്സരിപ്പിച്ചിരുന്നു. ഇതിൽ മൂന്ന് വട്ടം ഇവർ തോറ്റു. മൂന്ന് തവണ ജയിച്ചു. ഇത്തവണയും മത്സരിക്കണമെന്ന് നിർബ്ബന്ധിച്ചപ്പോഴാണ് മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടത്.
ജനറൽ സീറ്റായ ചേറ്റം കുന്നിൽ ഇത്തവണ പുരുഷ സ്ഥാനാർത്ഥി മത്സരിക്കട്ടേ എന്നും വേണമെങ്കിൽ കുഴിപ്പങ്ങാട്ടോ ടൗൺ ഹാൾ വാർഡിലോ സീറ്റ് അനുവദിക്കാമെന്നും അറിയിച്ചു.
ആലോചിച്ച് മറുപടി പറയാമെന്ന് പറഞ്ഞു പോയ ഇവർ പിന്നീട് ഫോൺ വിളിച്ചാൽ എടുക്കാതായി . ഇതിൽ പിന്നീട് അറിയിച്ചത് ചേറ്റം കുന്നിൽ സീറ്റ് നൽകിയില്ലെങ്കിൽ വേണ്ടതില്ല എന്ന് ഭർത്താവ് പറയുന്നുവെന്നാണ് .
അച്ചടക്കമുള്ള പാർട്ടി പ്രവർത്തകക്ക് ഇങ്ങനെ പറയാനാവില്ല – ‘ഇതൊന്നും പാർട്ടി എന്ന നിലയിൽ അംഗീകരിക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു .
ഇതിനിടയിൽ സാജിദ ടീച്ചറുടെ പത്രിക തടസ വാദങ്ങൾക്കൊടുവിൽ ഇന്നലെ സ്വീകരിച്ചു.തള്ളണമെന്ന യുഡിഎഫ് അഭിഭാഷകരുടെ വാദം വരണാധികാരി തളളുകയും ചെയ്തു.