പോലീസ് പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണെന്നും തങ്ങള്‍ പ്രതികളല്ലെന്ന് പലകുറി പറഞ്ഞിട്ടും സ്റ്റേഷനില്‍ നടന്നത് ചവിട്ടും തെറിവിളിയുമായിരുന്നു എന്നുമുള്ള വെളിപ്പെടുത്തലിനുശേഷം മാധ്യമങ്ങളെ കാണരുതെന്ന് പോലീസ് നിര്‍ദേശിച്ചതായി കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത്. എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ടതെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായി സജിത്ത് പറഞ്ഞു.
തന്നെയും ചേട്ടന്‍ ശ്രീജിത്തിനെയും മഫ്തിയില്‍ വന്ന മൂന്ന് പേരാണ് കൊണ്ടുപോയതെന്ന് സജിത്ത് പറഞ്ഞു. സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ ഇവര്‍ മര്‍ദിച്ചു. പോലീസെത്തുമ്പോള്‍ ശ്രീജിത്ത് വീടിന്റെ വരാന്തയില്‍ കിടക്കുകയായിരുന്നു. ഷര്‍ട്ട് ഇട്ടിരുന്നില്ല. ഷര്‍ട്ടിട്ട് വരാന്‍ ആവശ്യപ്പെട്ടു.
പുറത്തേക്കുവന്ന ശ്രീജിത്തിനെ കോളറില്‍ കുത്തിപ്പിടിച്ച് വലിച്ചിഴച്ചാണ് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. തൊട്ടടുത്ത ജങ്ഷന്‍ എത്തുന്നതുവരെ മര്‍ദിച്ചു. തുടര്‍ന്ന് വണ്ടിയില്‍ കയറ്റുന്നതിനുമുമ്പ് അടിച്ചപ്പോള്‍ ശ്രീജിത്ത് നിലത്തുവീണു. അപ്പോള്‍ പോലീസ് ശ്രീജിത്തിന്റെ വയറിന് ചവിട്ടിയതായും സജിത്ത് പറയുന്നു.
തന്റെ മുതുകിനാണ് ഇടിച്ചത്. പലവട്ടം മര്‍ദിച്ചു. കേസിലെ മറ്റൊരു പ്രതിയായ തുളസിദാസ് എവിടെയെന്നു ചോദിച്ചായിരുന്നു മര്‍ദനം. വണ്ടിയില്‍ത്തന്നെ അവശനായ ശ്രീജിത്ത് സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും തളര്‍ന്നുപോയിരുന്നു. വയര്‍ പൊത്തിപ്പിടിച്ച് അസഹ്യമായ വേദനയോടെ ശ്രീജിത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ ശരിയാക്കിത്തരാമെന്നാണ് പോലീസ് പറഞ്ഞത്. തുടര്‍ന്ന് നിലത്തുകിടന്നിരുന്ന ശ്രീജിത്തിനെ കാലുകൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും നിലത്തേക്ക് വീണുപോയി.
കസ്റ്റഡിയിലുള്ള മറ്റുള്ളവരും ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലീസ് ഗൗനിച്ചില്ല. തീര്‍ത്തും അവശനിലയിലായപ്പോള്‍മാത്രമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതേ കേസില്‍ കസ്റ്റഡിയില്‍ എടുത്ത മറ്റുള്ളവരെയും പോലീസ് മൃഗീയമായി മര്‍ദിച്ചു. അടിയേറ്റ ഒരാളുടെ പല്ല് ഇളകി. മറ്റൊരാളുടെ ചുണ്ടിനാണ് പരിക്കെന്നും സജിത്ത് പറഞ്ഞു. പോലീസ് ആരോപിക്കുന്നതുപോലെ വാസുദേവന്റെ വീടാക്രമിച്ച സംഭവത്തില്‍ തങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും സജിത്ത് പറഞ്ഞു.