കൊച്ചി:ശ്രീജിത്തിനൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത തനിക്കും പോലീസ് മർദനമേറ്റതായി സഹോദരൻ സജിത്തിന്റെ വെളിപ്പെടുത്തൽ. വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോകുന്പോഴും സ്റ്റേഷനിൽവച്ചും മർദനം ഉണ്ടായി. ചവിട്ടും തെറിവിളിയുമാണു സ്റ്റേഷനിൽ നടന്നത്. വരാപ്പുഴ എസ്ഐയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് സജിത്ത് പറഞ്ഞു.
കസ്റ്റഡിയിലെടുത്തവരിൽ ശ്രീജിത്തിനെ ഒഴികെ ബാക്കിയുള്ളവരെ ഒരു സെല്ലിലാണു പാർപ്പിച്ചത്. ശക്തമായ വയറുവേദനയുണ്ടെന്നു പറഞ്ഞ ശ്രീജിത്തിനെ മറ്റൊരു സെല്ലിലാക്കി.തങ്ങൾ പ്രതികളല്ലെന്നു പലകുറി പോലീസിനോടു പറഞ്ഞു. ഇതു വകവയ്ക്കാതെ പോലീസുകാർ തെറിവിളിക്കുകയും ചവിട്ടുകയും ഇടിക്കുകയുമായിരുന്നെന്നു സജിത്ത് മാധ്യമങ്ങളോടു പറഞ്ഞു. കേസിൽ അറസ്റ്റിലായവർ യഥാർഥ പ്രതികളല്ലെന്നും സജിത്ത് പറയുന്നു.
റിമാൻഡിലായിരുന്ന സജിത്ത് സഹോദരന്റെ സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ മൂന്നു ദിവസം ജാമ്യം ലഭിച്ചതിനാലാണു പുറത്തിറങ്ങിയത്. ശ്രീജിത്തിന്റെ അമ്മ ശ്യാമളയും എസ്ഐയാണ് മർദനം നടത്തിയതെന്ന് ആരോപിച്ചിട്ടുണ്ട്.