തലശേരി: ചേറ്റംകുന്ന് വാർഡിൽ വിമത സ്ഥാനാർഥിയായി മത്സര രംഗത്തുള്ള ലീഗ് വനിതാ നേതാവിന് സസ്പെൻഷൻ.
വനിതാ ലീഗ് ജില്ലാ നേതാവും നഗരസഭാ പ്രതിപക്ഷ നേതാവുമായിരുന്ന പി.പി.സാജിതയെയാണ് പാർട്ടി തീരുമാനവും അച്ചടക്കവും ലംഘിച്ചതിന് പ്രാഥമികാംഗത്വത്തിൽ സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് അറിയിച്ചത്.
എന്നാൽ ലീഗ് സംസ്ഥാന നേതൃത്വം സാമാന്യ മര്യാദ കാണിക്കണമെന്ന് പി.പി. സാജിത പ്രതികരിച്ചു. ഇരുപത്തിയൊന്ന് വർഷമായി ലീഗിൽ പ്രവർത്തിക്കുന്നു. പുറത്താക്കിയ വിവരം അറിയിച്ചിട്ടില്ല. കാരണം കാണിക്കൽ നോട്ടീസോ വിശദീകരണമോ ഇതുവരെ ചോദിച്ചിട്ടില്ല.
നടപടി ക്രമം പാലിക്കാതെ എങ്ങനെയാണ് പുറത്താക്കുക. ലീഗ് നേതൃത്വം സാമാന്യ മര്യാദ കാണിക്കണം. നവ മാധ്യമങ്ങളിലൂടെ വലിയ അപവാദ പ്രചരണമാണ് തനിക്കെതിരെ നടക്കുന്നതെന്നും സാജിത രാഷ്ട്രദീപികയോട് പറഞ്ഞു.
ഇതിനിടയിൽ സാജിതക്ക് പിന്തുണയുമായി ഇടതു മുന്നണിയും രംഗത്തെത്തി. ഇതിന്റെ ഭാഗമായി ചേറ്റം കുന്നിൽ മത്സര രംഗത്തുണ്ടായിരുന്ന എസ്എഫ്ഐനേതാവ് എം.കെ.ഹസൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചു. മുസ്ലിംലീഗിലെ ജംഷീർ മുഹമ്മദാണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി.
യുഡിഎഫ് സ്ഥാനാർഥിയായി ചേറ്റം കുന്നിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ചു ജയിച്ച പി.പി. സാജിതയെ തഴഞ്ഞായിരുന്നു മുസ്ലിംലീഗ് തലശേരി മണ്ഡലം നേതാവിന്റെ മകനായ ജംഷീറിന് സീറ്റ് നൽകിയത്.
ഇതിൽ പ്രതിഷേധിച്ചാണ് സാജിത ചേറ്റം കുന്ന് വാർഡിൽ മത്സരിക്കാൻ നാമനിർദ്ദേശ പത്രിക നൽകിയത്. സാജിത വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് വാർഡിലെ 500 ഓളം വോട്ടർമാർ ഒപ്പിട്ട കത്ത് ലീഗ് നേതൃത്വത്തിന് സമർപ്പിച്ചിരുന്നെങ്കിലും അവർ അത് അവഗണിച്ചിരുന്നില്ല.
വാർഡിലെ താമസക്കാർ ഒന്നടങ്കം തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടും സീറ്റ് അനുവദിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും മൽസരിക്കുന്നതെന്നും തലശേരിയിലെ മുസ്ലിം ലീഗിൽ പുരുഷ മേധാവിത്വമാണെന്നും ജയിക്കാൻ ആരുടെ വോട്ടും സ്വീകരിക്കുമെന്നും സാജിത തുടർന്നു പറഞ്ഞു.