വൈക്കം: വീട് എന്ന സ്വപ്നം സഫലമാകും മുൻപേ സജിത യാത്രയായി. വീട്ടിലെ മാറാല ചൂലു ഉപയോഗിച്ചു തൂത്തുമാറ്റുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വൈക്കം വാഴമന മുട്ടുങ്കലിൽ പുത്തൻ പാലത്തിനു സമീപം താമസിക്കുന്ന ചിറപ്പാട്ട് രമേശന്റെ ഭാര്യ സജിത (38) യുടെ ഏക സ്പനം ഒരു നല്ല വീടുണ്ടാവുക എന്നതായിരുന്നു. വീടിന്റെ പണി നടക്കുന്നതിനിടെയാണ് സജിയുടെ ആകസ്മിക മരണം.
വീട്ടിൽ ഷോക്കേറ്റ നിലയിൽ ഷെഡിനു മുന്നിലെ തൂണിനോടു ചേർന്നു നിന്ന സജിതയെ ഭർത്താവ് രമേശനും അയൽക്കാരും ചേർന്ന് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നായിരുന്നു സംഭവം. സർക്കാർ ധനസഹായത്തോടെ ഇവർ നിർമിക്കുന്ന വീടിന്റെ പണി നടക്കുന്നതിനാൽ സമീപത്തായി ചെറിയ ഷെഡു കെട്ടിയാണ് രമേശനും കുടുംബവും താമസിക്കുന്നത്.
താഴ്ന്ന പ്രദേശത്താണ് ഇവർ താമസിക്കുന്നത്. പണിയുന്ന വീടും ഇപ്പോൾ താമസിക്കുന്ന ഷെഡും വെള്ളക്കെട്ടിലാണ്. പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവിന്റെ വരുമാനം കൊണ്ട് ജീവിത ചെലവും രണ്ടു കുട്ടികളുടെ പഠനവും നടത്താൻ ബുദ്ധിമുട്ടായതോടെ സജിത വൈക്കത്തെ ഒരു വസ്ത്രാലയത്തിൽ ജോലി ചെയ്തു വരികയായിരുന്നു. മക്കൾ: തേജസ്, (10-ാം ക്ലാസ്) സുരജ് (എഴാം ക്ലാസ്) സംസ്കാരം ഇന്നു 12ന് വീട്ടുവളപ്പിൽ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.