കൊട്ടാരക്കര: കഴിഞ്ഞ ഏഴുമാസമായി നെല്ലിക്കുന്നം കാക്കത്താനം രാജവിലാസത്തിലെ വീട്ടിൽ വൈദ്യുത സ്വിച് ബോർഡുകളും ഉപകരണങ്ങളും നിരന്തമായി കത്തി നശിക്കുകയാണ്.
സംഭവം നിരന്തരമായതോടെ വീട്ടുകാർ ഭീതിയിലായി. വയറിംഗ് ജോലി ചെയ്യുന്ന ഗൃഹനാഥൻ രാജന്റെ വയറിംഗിലായിരുന്നു ആദ്യ സംശയം.
ഒടുവിൽ കെ എസ്ഇബി അധികൃതരും മറ്റു ഇലക്ട്രീഷൻമാരും നടത്തിയ പരിശോധനയിൽ വയറിംഗ് തകരാർ ഇല്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.
വീട്ടിലെ അംഗമായ സജിതയുടെ വാട്സ് ആപ്പിലേക്ക് അമ്മ വിലാസിനിയുടെ വാട്സ് ആപ്പ് നമ്പറിൽ നിന്നും നിരന്തരം മെസേജുകൾ വന്നു നിമിഷങ്ങൾക്കകമാണ് വീട്ടിൽ വൈദ്യുത ഉപകരണങ്ങൾ പൊട്ടി തെറിക്കുന്നത്.
പക്ഷേ, സജിതയുടെ അമ്മ വിലാസിനിയ്ക്ക് ഇംഗ്ലിഷ് അറിയാത്തതുകൊണ്ട് ഇങ്ങനെ ഒരു മെസേജ് അയയ്ക്കാൻ സാധിക്കില്ല.
തുടർച്ചയായി മൊബൈലിൽ അശ്ലീല സന്ദേശങ്ങൾക്കൊപ്പം ഭീഷണിയായി സ്വിച് ബോർഡ് നശിപ്പിക്കുമെന്ന് സന്ദേശം അയച്ച് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു കത്തിനശിക്കുകയായിരുന്നു.
ഇത്തരത്തിൽ പല തവണയായി സന്ദേശങ്ങൾ അയച്ച ശേഷം മൂന്നുതവണ വീതം 11 സ്വിച്ച് ബോർഡുകളും മൂന്ന് വീതം ഫ്രിഡ്ജ്, ടിവി, രണ്ട് മോട്ടർപമ്പ് സെറ്റ്, ഒരു മിക്സി, അഞ്ച് മൊബൈൽ ഫോണുകളും ഇതിനോടകം നശിച്ചതായി സജിത പറയുന്നു.
ചെറിയ മൂന്ന് കുട്ടികൾ ഉൾപ്പടെയുള്ള കുടുംബത്തിലാണ് ഇത്തരത്തിലുള്ള ആക്രമണം നടക്കുന്നത്. സജിതയും കുടുംബവും ആദ്യഘട്ടത്തിൽ സംഭവം പുറത്ത് പറഞ്ഞെങ്കിലും അന്ധവിശ്വാസമാണെന്നു കരുതി പലരും വിശ്വസിച്ചില്ല.
പക്ഷേ, നാട്ടുകാർ ചിലർ വീടിനുള്ളിൽ എത്തി കത്തിക്കരിഞ്ഞ സ്വിച്ച് ബോർഡുകളും മറ്റു വൈദ്യുത ഉപകരണങ്ങളും കണ്ടജോടെ വിശ്വസിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
തുടർന്ന് സജിത നടത്തിയ പരിശോധനയിൽ ബെഡ്റൂമിന്റെ എയർ ഹോളിൽ നിന്നും ഒരു ചിപ്പ് (കപ്പാസിറ്റർ ബാങ്ക്) ലഭിക്കുകയും ചെയ്തിരുന്നു.
ഇത് കരുതിക്കൂട്ടി ആരോ ചെയ്യുന്നതാണെന്നാണ് സജിതയുടെയും കുടുംബത്തിന്റെയും ആരോപണം.
ഇത് സംബന്ധിച്ചു റൂറൽ എസ്പി, സൈബർ സെൽ എന്നിവിടങ്ങളിൽ പരാതി നൽകി. ദീർഘ നാളായി അകന്നു കഴിയുന്ന ഭർത്താവിനെതിരേ ആരോപണം ഉന്നയിച്ചു സജിത രംഗത്തുവന്നിരിക്കുകയാണ്.
മുൻപ് സജിതയുടെ ഫോൺ ഹാക്ക് ചെയ്തു സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നതായും പിന്നീട് അമ്മയുടെ ഫോൺ ഹാക്ക് ചെയ്തു അശ്ലീല സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങിയെന്നും ആരോപണമുണ്ട്.
കുട്ടികളുമായി കഴിയുന്ന തന്റെ കുടുംബത്തെ രക്ഷിക്കണമെന്നും അന്വേഷണത്തിൽ ഭരണകക്ഷിയിൽ പെട്ടവരുടെ സമ്മർദ്ദം ഉള്ളതയും സജിത ആരോപിക്കുന്നു.
വീട്ടിൽ നിന്നും കിട്ടിയ കപ്പാസിറ്റർ ബാങ്ക് ചിപ്പ് ഉപയോഗിച്ച് റിലെവച്ചു ഷോട്ട് സർക്യൂട്ട് ഉണ്ടാക്കാൻ സാധിക്കുമെന്ന വാദവും കമ്പ്യൂട്ടർ വിദഗ്ധർ പറയുന്നുണ്ട്.