മാനന്തവാടി: ക്രിക്കറ്റിൽ ഓൾ റൗണ്ടറായി വിജയഗാഥ വരിക്കുന്പോഴും സാമൂഹിക അടുക്കളയിൽ സജീവമായി കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ.
മാനന്തവാടി നഗരസഭ സാമൂഹിക അടുക്കളയിലെ സ്ഥിരം സാനിധ്യമാണ് സജന സജീവൻ എന്ന വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റൻ.
ക്രിക്കറ്റിൽ ബൗളറായും ബാറ്റ്സ്മാനായും സിക്സറുകൾ തീർക്കുന്ന കേരള വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യൻ ചലഞ്ചർ ട്രോഫി പ്ലയറുമായ സജന സജീവൻ ഇപ്പോൾ മാനന്തവാടി നഗരസഭ സാമൂഹ്യ അടുക്കളയിലെ നിറസാനിധ്യമാണ്. ഇലയിടാനും ചോറും കറികളും വിളന്പാനും സജനയുടെ സാന്നിദ്ധ്യം എപ്പോഴുമുണ്ട്.
രാവിലെ മുതൽ തന്നെ സാമൂഹ്യ അടുക്കള പ്രവർത്തിക്കുന്ന മാനന്തവാടി ഗവ. യുപി സ്കൂളിൽ സജനയെത്തും. പിന്നെ കൈ മെയ് മറന്നുള്ള പ്രവർത്തനം.
ഭക്ഷണം പൊതിയാക്കി ജീപ്പിൽ കയറ്റുകയും നഗരത്തിലെ അശരണർക്കും കോവിഡ് രോഗികൾക്കെല്ലാം ഭക്ഷണമെത്തിക്കാനും സജന മുന്‍പന്തിയിലുണ്ടാവും.
ലോക്ഡൗണ്‍ കാലത്ത് അശരണർക്ക് തണലേകാൻ തന്റെ പങ്കും ഉറപ്പ് വരുത്തുക എന്നതാണ് ഇത്തരമൊരു പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയതെന്ന് സജന പറയുന്നു.
2020 ലെ ലോക്ഡൗണ്‍ കാലത്തും സജന അന്നത്തെ സാമൂഹിക അടുക്കളയിലും സജീവ സാനിധ്യമായിരുന്നു. മുൻ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും നിലവിൽ നഗരസഭ കൗണ്‍സിലറുമായ ശാരദ സജീവന്റെയും ഓട്ടോ ഡ്രൈവറായ സജീവന്റെയും മകളാണ് സജന.