തിരുവാർപ്പ്: ട്യൂഷൻ പഠിക്കാൻ ആദ്യമായി ഇന്നലെ പോയ സജാതിന്റെ യാത്ര അന്ത്യ യാത്രയായി.
ട്യൂഷനു പോയി തിരികെ വരികേ കമുകിൻ തടികൾ കൊണ്ടുണ്ടാക്കിയ പാലത്തിൽനിന്നും വെള്ളത്തിൽ വീണു മുങ്ങി മരിക്കുകയായിരുന്നു ആറു വയസുകാരനായ സജാത്.
അറുപുഴ സ്വദേശി സുധീറിന്റെ ഭാര്യ ഭീമയും മക്കളും തിരുവാർപ്പിൽ വാടകയ്ക്കു താമസം തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ.
ഇവരുടെ മൂന്ന് ആണ്‍കുട്ടികളിൽ ഇളയ കുട്ടിയാണ് സജാത്. ഭർത്താവും ഭാര്യയും തമ്മിൽ പിണങ്ങിയതിനെ തുടർന്നാണ് ഭീമ മക്കളുമായി സ്വദേശമായ തിരുവാർപ്പിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.
നനഞ്ഞൊലിക്കുന്ന വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടിയാണ് മാതാവും മക്കളും അന്തിയുറങ്ങുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം സംഭവിച്ചത്.
തിരുവാർപ്പ് പഞ്ചായത്ത് 14-ാം വാർഡിൽ മാലത്തുശേരിൽ ഭാഗത്തുനിന്ന് 16 ാം വാർഡിലേക്ക് സമീപ വാസികൾ ഇട്ടിരിക്കുന്ന പാലത്തിൽനിന്ന് വീണാണ് അപകടം.
സമീപവാസികൾ നടത്തിയ തെരച്ചിലിനൊടുവിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനായ സുരേഷ് കുമാർ എത്തിയാണ് വെള്ളത്തിൽനിന്നും സജാതിനെ കണ്ടെത്തിയത്.
സെന്റ് ജോണ്‍സ് യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് സജാത്. സഹോദരങ്ങൾ: സഹദ്, സവാദ്.