സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : സിസ്റ്ററേ, പ്രളയത്തില്‍ സങ്കടപ്പെടുന്ന ഒരുപാട് പേരില്ലേ… ഇത് ഞങ്ങളുടെ സന്പാദ്യമാ… ഞങ്ങളുടെ പക്കല്‍ ഇതേയുള്ളൂ സിസ്റ്ററേ… ലൂര്‍ദിപുരം സെന്റ് ഹെലന്‍സ് ഹൈസ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ എല്‍സമ്മ തോമസ് നാണയത്തുട്ടുകള്‍ അടങ്ങിയ ആ കിഴികള്‍ ഏറ്റുവാങ്ങുന്പോള്‍ ഹൃദയം സന്തോഷത്താല്‍ നിറഞ്ഞു.
ഇരുവരെയും ചേര്‍ത്ത് പിടിച്ച് സിസ്റ്റര്‍ എല്‍സമ്മ പറഞ്ഞു “ഗോഡ് ബ്ലസ് യു ചില്‍ഡ്രന്‍…’ലൂര്‍ദിപുരം സെന്റ് ഹെലന്‍സ് സ്കൂളിലെ വിദ്യാര്‍ഥികളായ സജ്നയും ജിതിനുമാണ് നിഷ്കളങ്കമായ സ്നേഹത്തിന്റെയും അതിരുകളില്ലാത്ത നന്മയുടെയും ഉദാത്ത മാതൃകകളായത്.
പ്രളയ ദുരിതാശ്വാസത്തിനായി തങ്ങളാൽ കഴിയുന്നത് നൽകി സഹായിക്കാൻ സ്കൂളിലെ പ്രഥമാധ്യാപിക സിസ്റ്റർ എൽസമ്മ തോമസ് കുട്ടികളെ അറിയിച്ചിരുന്നു. ചിലര്‍ അവശ്യ സാധന സാമഗ്രികള്‍ എത്തിച്ചു. മറ്റു ചില കുട്ടികള്‍ രക്ഷിതാക്കള്‍ നല്കിയ തുകകള്‍ സ്കൂളില്‍ ഏല്‍പ്പിച്ചു.
സഹോദരങ്ങളായ സജ്നയും ജിതിനും ഇന്നലെ സ്കൂളില്‍ വന്നത് രണ്ടു കിഴികളുമായാണ്. ഒന്നാം ക്ലാസ് മുതൽ അവർ ശേഖരിച്ച നാണയ തുട്ടുകളായിരുന്നു ആ കിഴികളില്‍. സജ്ന അഞ്ചിലും ജിതിൻ നാലിലുമാണ് പഠിക്കുന്നത്. ക്ലാസ് അധ്യാപകര്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അവരെ അനുമോദിച്ചു.
പുതിയതുറ സ്വദേശികളായ സജിയുടെയും സെറിനയുടെയും മക്കളാണ് ഈ മിടുക്കര്‍. ബുക്കുകളും മറ്റു സാധനങ്ങളുമൊക്കെ വാങ്ങുന്പോള്‍ ബാക്കിയായി കിട്ടുന്ന നാണയത്തുട്ടുകള്‍ സജ്നയും ജിതിനും കുടുക്കകളില്‍ ഇട്ടു സൂക്ഷിക്കുകയാണ് പതിവ്.