ചെറിയ രീതിയിലുള്ള ടാറ്റൂ സ്റ്റുഡിയോയില്‍നിന്ന് സുജീഷിന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചേരാനെല്ലൂരിലും പാലാരിവട്ടത്തുമാണ് ഇയാള്‍ക്കു ടാറ്റൂ സ്റ്റുഡിയോകള്‍ ഉണ്ടായിരുന്നത്.
സെലിബ്രിറ്റികള്‍ ടാറ്റൂ അടിക്കാന്‍ എത്തിയതോടെയാണ് സുജീഷിന്റെ നല്ല കാലം തെളിയുന്നത്. സിനിമ നടികളും ഗായികമാരുമൊക്കെ സുജീഷിന്റെ കസ്റ്റമര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു.
പ്രത്യേകിച്ചു പരസ്യമൊന്നും ഉണ്ടായില്ലെങ്കിലും ഒരിക്കല്‍ ടാറ്റൂ ചെയ്യാന്‍ എത്തിയവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഇയാളുടെ സ്റ്റുഡിയോയിലേക്ക് എത്തിക്കൊണ്ടിരുന്നു.
തുടക്കത്തിലൊക്കെ കസ്റ്റമര്മാരോടു നല്ല രീതിയിലാണ് ഇയാള്‍ ഇടപ്പെട്ടിരുന്നത്. വലിപ്പമുള്ള ടാറ്റൂകൾ ശരീരത്തിൽ പതിക്കാൻ എത്തുന്നവരായിരുന്നു കസ്റ്റമര്‍മാരില്‍ അധികവും.
ഇതു സുജീഷിനു സാമ്പത്തികമായി നല്ല ലാഭം ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് ടാറ്റു അടിക്കാനെത്തുന്നവരുടെ എണ്ണവും കൂടി.
ചേരാനല്ലൂരിലെ സ്റ്റുഡിയോ കൂടാതെ ഇയാള്‍ പാലാരിവട്ടത്തും ഒരു ടാറ്റൂ സ്റ്റുഡിയോ തുടങ്ങി.
രണ്ടു സ്റ്റുഡിയോകളില്നിന്നായി വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപ ലഭിക്കുന്നുവെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
എന്നാൽ, ഇതു ശരിയല്ലെന്നു തെളിയിക്കുന്നതായിരുന്നു ഇയാളുടെ ജീവിതശൈലി. ബൈക്കില്‍നിന്നു വളരെപ്പെട്ടെന്നു മിനി കൂപ്പറിലേക്ക് യാത്രകൾ മാറി. ഇയാൾ ഒരു ഥാര്‍ ജീപ്പും സ്വന്തമാക്കിയിരുന്നു.
ജീവനക്കാര്‍ ഉണ്ടെങ്കിലും
അത്യാധുനിക സെറ്റപ്പിലായിരുന്നു സുജീഷിന്റെ ടാറ്റൂ സ്റ്റുഡിയോകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
വലിയ മുറിക്കുള്ളില്‍ത്തന്നെ ചെറിയൊരു കാബിന് ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.
സെലിബ്രിറ്റികളെ ടാറ്റൂ ചെയ്യുന്നതിനുള്ള മുറി എന്നാണ് സുജീഷ് പറയുന്നത്. എന്നാൽ, സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യാന്‍ എത്തുന്നവരെ സുജീഷ് ഈ കാബിനിലേക്കാണ് കൊണ്ടുപോയിരുന്നത്.
ഇയാള്‍ക്ക് സഹായത്തിനായി മൂന്നു ജീവനക്കാര്‍ ഉണ്ടായെങ്കിലും സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യാന്‍ എത്തുന്നവരെ ഇവരുടെ അടുത്തേക്കു സജീഷ് വിടില്ലായിരുന്നു.
ഇത്തരം കേസുകള്‍ സജീഷ് തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നതെന്നു ജീവനക്കാര്‍ പറയുന്നു.
ഇയാളുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ മനസിലാക്കിയ ജീവനക്കാരിൽ ചിലർ സ്വകാര്യ ഭാഗങ്ങളില്‍ ടാറ്റൂ ചെയ്യാന്‍ എത്തിയിരുന്ന പെണ്‍കുട്ടികള്‍ക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായും പറയുന്നുണ്ട്.
തനിച്ചു വരരുതെന്നും സുഹൃത്തുക്കളെയെങ്കിലും കൂടെ കൂട്ടാന്‍ പെണ്‍കുട്ടികളോടു പറയുമായിരുന്നുവെന്നുമാണ് ജീവനക്കാര്‍ പോലീസിനു മൊഴി നല്‍കിയത്.
ടാറ്റൂ ചരിത്രത്തിലൂടെ
തൊലിയില്‍ മായാത്ത ചിത്രങ്ങള്‍ വരക്കാനുപയോഗിക്കുന്ന രീതിയാണ് ടാറ്റൂ അഥവാ പച്ചകുത്തൽ. വളരെ പണ്ടുമുതലേ പച്ചകുത്തല്‍ ആരംഭിച്ചിരുന്നു.
അതായത് പതിനെട്ടാം നൂറ്റാണ്ടു മുതല്‍ ടാറ്റൂ എന്ന വാക്ക് പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ടാറ്റൂ എന്ന് ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം ഡച്ച് പദമായ ടാപ്പ്ടോയില് നിന്നാണെന്നാണ് പറയപ്പെടുന്നത്.
ന്യൂസിലന്‍ഡിലെ മാവോറികള്‍ മുഖത്തു പച്ചകുത്താറുണ്ടായിരുന്നു. പോളിനേഷ്യക്കാരും തായ്വാൻകാരും പച്ചകുത്തുന്ന രീതി ഉപയോഗിച്ചിരുന്നു.
തായ്വാനിലെ അടയാള്വര്ഗക്കാരുടെ പച്ചകുത്തലിന് ബദാസുന്‍ എന്നാണ് പറയുക. ആണുങ്ങളുടെ മുഖത്തെ ബദാസുന്റെ അര്‍ഥം തങ്ങള്‍ ജന്മദേശം സംരക്ഷിക്കുമെന്നാണ്.
സ്ത്രീകളുടെ മുഖത്തെ ബദാസുന്‍ വീട്ടുജോലിയും വസ്ത്രം നെയ്യാനും അറിയുമെന്നും സൂചിപ്പിക്കുന്നു. ചരിത്രത്തിലുടനീളം ആളുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ക്കായി നിര്‍ബന്ധിതമായി പച്ച കുത്തിയിട്ടുണ്ട്.
1941ല്‍ നാസികളുടെ തിരിച്ചറിയല്‍ സംവിധാനത്തിന്റെ ഭാഗമായി ഹോളോകോസ്റ്റ് സമയത്ത് കോണ്സെന്ട്രേഷന് ക്യാമ്പിലെ അന്തേവാസികളെ നിര്‍ബന്ധിതമായി പച്ചകുത്തുന്ന നാസി സമ്പ്രദായം അറിയപ്പെടുന്ന ഒരു ഉദാഹരണമാണ്.
തരംഗമായി ടാറ്റൂ
യുവതീയുവാക്കള്‍ക്കിടയില്‍ ടാറ്റൂ ഇന്നു തരംഗമാണ്. എത്ര സമയമെടുത്തും ടാറ്റൂ ചെയ്യാനും ചെയ്യുമ്പോഴുള്ള ആ വേദന സഹിക്കാനും യുവതി യുവാക്കള്‍ ഒരുക്കമാണ്.
ഒരിക്കല്‍ ടാറ്റൂ അടിച്ചാല്‍ പിന്നീട് അതു മാറ്റാന്‍ കഴിയില്ലാത്തതിനാല്‍ ആദ്യ കാലത്തൊക്കെ ടാറ്റു ചെയ്യുന്നവരുടെ എണ്ണം കുറവായിരുന്നു.
ആദ്യമൊക്കെ കൈയില്‍ സ്വന്തം പേരോ പ്രണയിനിയുടെ പേരോ ഒക്കെയായിരുന്നു ടാറ്റൂ ചെയ്തിരുന്നത്. കാലം മാറിയതിനു അനുസരിച്ച് ടാറ്റൂ അടിക്കുന്നതിലും വ്യത്യാസം വന്നിട്ടുണ്ട്.
ഓരോ വ്യക്തികളുടെയും മനോഭാവമനുസരിച്ചുള്ള ഡിസൈനുകളാണ് ടാറ്റുവിനായി തെരഞ്ഞെടുക്കുന്നത്.
എങ്കിലും പെണ്‍കുട്ടികള്‍ പൊതുവേ ഫെതര്‍ ഡിസൈനുകളാണ് തെരഞ്ഞെടുക്കുന്നത്. സങ്കീർണമായ ഡിസൈനുകളും തെരഞ്ഞെടുക്കുന്നവരുണ്ട്.
നടീ നടന്മാരുടെയും ദൈവങ്ങളുടെയും ചിത്രങ്ങള്‍ ടാറ്റൂ അടിക്കുന്നവരുണ്ട്. ഇവ പൂര്‍ത്തിയാക്കാന്‍ മണിക്കൂറുകളോളം സമയമെടുക്കും.
ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാകാത്തവയ്ക്ക് ലൈന്‍ അപ് ചെയ്തു വിടുകയാണ് പതിവ്. തുടര്‍ന്ന് ഒരാഴ്ചയ്ക്കു ശേഷം വീണ്ടും ടാറ്റു ചെയ്തു പൂര്‍ത്തിയാക്കും.
ഒരു സ്ക്വയര്‍ സെന്റി മീറ്റര്‍ മുതലാണ് ടാറ്റു അടിക്കല്‍ തുടങ്ങുന്നത്. 500 രൂപയാണ് ഇതിന് ഈടാക്കുന്നത്. ടാറ്റൂ ചെയ്യുന്നതിന്റെ ഏരിയ അടിസ്ഥാനമാക്കിയാണ് അതിന്റെ വില നിശ്ചയിക്കുന്നത്.
അതു പോലെ ഡിസൈനുകളുടെ സങ്കീർണതയും കണക്കിലെടുക്കും. ഒരു ടാറ്റൂവിന് 5,000 മുതല്‍ 8,000 രൂപ വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്.
(തുടരും).