തൊടുപുഴ: പാറമടത്തൊഴിലാളിയെ തലയ്ക്കടിച്ചു കൊന്നു. സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.കാളിയാർ പോലീസ് സ്റ്റേഷൻ പരിധിയിൽ തൊടുപുഴ കോടിക്കുളം ചെറുതോട്ടിൻകരയിലാണ് സംഭവം.
ചെറുതോട്ടിൻകര വേലാംകുന്നേൽ കേശവന്റെ മകൻ സാജു (45) ആണ് കൊല്ലപ്പെട്ടത്. ഇയാൾ താമസിക്കുന്ന വാടകക്കെട്ടിടത്തിലാണ് ഇന്നു രാവിലെ ആറോടെ മൃതദേഹം കണ്ടത്.സമീപത്ത് താമസിക്കുന്ന ഇയാളുടെ സുഹൃത്ത് കണ്ണനെ (70) യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മദ്യപാനത്തത്തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിനു കാരണമായതെന്ന് പോലീസ് പറഞ്ഞു.
ചെറുതോട്ടിൻകരയിലുള്ള വർക്ക്ഷോപ്പ് കെട്ടിടത്തിനു പിന്നിൽ അടുത്തടുത്ത മുറികളിലായിരുന്നു സാജുവും കണ്ണനും താമസിച്ചിരുന്നത്. ഭാര്യ മരിച്ചു പോയ സാജുവിന്റെ ഒരു മകൻ വിവാഹം കഴിച്ച് മാറിതാമസിക്കുകയാണ്.
മറ്റൊരു മകൻ ബന്ധുവിനൊപ്പമാണ് താമസം. സുഹൃത്തും രോഗ ബാധിതനുമായ കണ്ണന് ഭക്ഷണവും മറ്റും വാങ്ങി നൽകിയിരുന്നത് സാജുവായിരുന്നു. കഴിഞ്ഞ ദിവസം ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പെട്ടെന്നുണ്ടായ പ്രകോപനമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ഇന്നു രാവിലെ സാജുവിന്റെ മകനും സൃഹത്തും കൂടി ജോലിക്ക് പോകാൻ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിൽ മൃതദേഹം കണ്ടത്. അടിയേറ്റ് തല തകർന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. ഇവർ ഉടൻ തന്നെ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു.
ഇദ്ദേഹമാണ് പോലീസിനെ വിവരമറിയിച്ചത്. തൊടുപുഴ ഡിവൈഎസ്പി കെ.സദൻ, കാളിയാർ സിഐ പങ്കജാക്ഷൻ, എസ്ഐ വി.സി.വിഷ്ണുകുമാർ, എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
തുടർന്ന് കണ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലും ഇയാൾ പ്രതിയായിരുന്നു. കൊല്ലപ്പെട്ട സാജുവിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.