കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ബസ് നിർത്തി യാത്രക്കാരെ അപകടത്തിൽനിന്ന് രക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങിയ കെഎസ്ആർടിസി ഡ്രൈവർ തിടനാട് തട്ടാരുപറന്പിൽ സാജു മാത്യു(40)വിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നു രാവിലെ മണിയംകുളം സെന്റ് ജോസഫ് പള്ളിയിൽ സംസ്കാരം നടന്നു.
ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായിരുന്നു. ഇന്നലെ ഈരാറ്റുപേട്ട ഡിപ്പോയിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ കെഎസ്ആർടിസി ജീവനക്കാരും പൊതുപ്രവർത്തകരും യാത്രക്കാരും അന്തിമോപചാരം അർപ്പിച്ചു. ഞായരാഴ്ച രാവിലെ 9.50ന് ബസ് തിരുവനന്തപുരത്തിനു പോകുന്പോഴായിരുന്നു ദുരന്തം.
ഈരാറ്റുപേട്ട ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ചേന്നാട്-തിരുവനന്തപുരം കെഎസ്ആർടിസി ബസിലെ ഡ്രൈവറായിരുന്ന സാജു. യാത്രയ്ക്കിടിയിൽ ബസ് കോട്ടയം ബസ് സ്റ്റാൻഡ് പിന്നിട്ട് കോടിമതയിൽ എത്തിയപ്പോഴാണ് സാജുവിനു ശാരീരികാസ്വാസ്ഥ്യമുണ്ടായത്.
തുടർന്ന് ബസ് റോഡരികിൽ നിർത്തിയശേഷം സാജു മാത്യു സ്റ്റിയറിംഗ് വീലിന് മുകളിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ബസിലുണ്ടായിരുന്ന മറ്റൊരു ഡ്രൈവർ സാജുമാത്യുവിനെ വേഗം ബസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപേ മരണം സംഭവിച്ചു.